അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ 53ാംമത് വാർഷിക പൊതുയോഗം അടിമാലിയിൽ നടന്നു. എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനു കീഴിലെ എല്ലാ ശാഖകളിൽ നിന്നുമുള്ള ഭാരവാഹികളെ വിളിച്ച് ചേർത്തായിരുന്നു യൂണിയന്റെ 53ാംമത് വാർഷിക പൊതുയോഗം നടന്നത്. യൂണിയന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചയായി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ മാർഗ്ഗദർശനത്തിൽ സഞ്ചരിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കാൻ ഓരോ യൂണിയന്റെയും നേതൃനിരക്ക് കഴിയണമെന്ന് കെ.ഡി രമേശ് പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ബോർഡംഗം രജ്ഞിത്ത് കാവളായിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ പോയവർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുൻ യൂണിയൻ കൗൺസിലർ കെ.എൻ ദിവാകരൻ, യൂണിയൻ കൗൺസിലർ മോഹനൻ തലച്ചിറ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ തുടങ്ങിയവർ സംസാരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ യൂണിയൻ കൗൺസിലർ കൂടിയായ കെ.എൻ ദിവാകരനെ യോഗത്തിൽ ആദരിച്ചു.