അടിമാലി: ഹൃദയ സ്തംഭനത്താൽ മരിച്ചുവെന്ന പേരിൽ വീട്ടമ്മയുടെ മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെയും പൊലീസിനെതിരെയും വീട്ടമ്മയുടെ പിതാവിന്റെ പരാതി.സംഭവത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് താൻ പരാതി നൽകിയിട്ടും പൊലീസ് തുടർ നടപടി വൈകിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പിതാവ് ആറുമുഖന്റെ ആക്ഷേപം. മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്പ് സംഭവസ്ഥലത്തെത്തിയ പൊലീസ് പോസ്റ്റുമോർട്ട നടപടികൾ സ്വീകരിക്കാതെ മടങ്ങിയെന്നും ആറുമുഖൻ പറയുന്നു. ബൈസൺവാലി ടീ കമ്പനി സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ മാസം 24നായിരുന്നു മരണപ്പെട്ടത്. തുടർന്ന് ഭർതൃവീട്ടുകാർ ഹൃദയ സ്തംഭനമൂലമാണ് വീട്ടമ്മ മരണപ്പെട്ടതെന്ന് ബന്ധുക്കളെയും അയൽവാസികളേയും അറിയിച്ച് 24ന് തന്നെ ശവസംസ്‌ക്കാരം നടത്തി.എന്നാൽ രോഗം മൂലമല്ല മകൾ മരിച്ചതെന്നും ഭർത്തൃവീട്ടിലെ മോശം ഇടപെടൽ മകളെ ആത്മഹത്യയിലേക്ക് നയിച്ചെന്നും ഇത് മറച്ച് വച്ച് ഭർത്തൃ വീട്ടുകാർ മൃതദേഹം ദഹിപ്പിച്ചുവെന്നുമാണ് യുവതിയുടെ പിതാവിന്റെ ആരോപണം. മകളുടെ ആത്മഹത്യ ഹൃദയസ്തംഭനം മൂലമുള്ള മരണമായി ഭർത്തൃവീട്ടുകാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മരണം സംബന്ധിച്ച് സംശയമുളവാക്കുന്ന ചില ഇടപെടലുകൾ ഭർത്തൃവീട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും ആറുമുഖൻ പറയുന്നു.വിവരം രാജാക്കാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കാതെ മടങ്ങിയെന്നാണ് ആറുമുഖന്റെ മറ്റൊരു പരാതി. സംഭവശേഷം തങ്ങളുടെ സംശയങ്ങൾ ചേർത്ത് ആറുമുഖൻ പൊലീസിൽ നേരിട്ട് പരാതി നൽകി.എന്നാൽ നിരന്തരം പരാതിക്കാരായ തങ്ങളെ സ്റ്റേഷനിൽ വിളിച്ച് വരുത്തുന്നതല്ലാതെ മകളുടെ ഭർത്തൃവീട്ടുകാരെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് ആറുമുഖൻ പരാതിപ്പെടുന്നു. തന്റെ മകളുടെ യാഥാർത്ഥ മരണകാരണം അന്വേഷിക്കണമെന്നും മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായവർക്കെതിരെയും സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് ആറുമുഖന്റെ ആവശ്യം.