രാജാക്കാട്: കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയുടെ വികസനത്തിന് തടസമായിരുന്ന വൃക്ഷങ്ങൾ മുറിച്ച് മാറ്റുവാൻ വനംവകുപ്പിന്റെ അനുമതിയായി. ഇതോടെ മൂന്നാർ - ബോഡിമെട്ട് വരെയുള്ള ദേശീയപാതയുടെ നവീകരണത്തിലെ അനിശ്ചിതത്വം മാറി. മാസങ്ങൾ നീണ്ട പരിശോധനകൾക്കുശേഷമാണ് ഉപാധികളോടെ വനവകുപ്പ് അനുമതി നൽകിയതിരിക്കുന്നത്. റോഡ് നിർമ്മാണം തടസപ്പെടുന്നെന്നാരോപിച്ച്

നാട്ടുകാർ ഉപവാസം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.

മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42.78 കിലോമീറ്റർ കയറ്റം കുറച്ചും, പ്രതലം ക്രമപ്പെടുത്തിയും ആധുനിക രീതിയിൽ രണ്ടുവരിയായി നവീകരിക്കുന്ന ജോലികൾ 2017 ആഗസ്റ്റിൽ ആരംഭിച്ചെങ്കിലും വനംവകുപ്പിന്റെ എതിർപ്പുമൂലം ജോലികൾ പലയിടത്തും മുടങ്ങിയിരുന്നു. ബോഡിമെട്ട് മുതലുള്ള 26 കിലോമീറ്ററോളംഭാഗം ഏലമലക്കാടുകളിലൂടെ കടന്നു പോകുന്നതിനാൽ ഈ ഭാഗത്തെ നിർമ്മാണത്തിൽ വനം വകുപ്പ് എതിർപ്പ് ഉന്നയിച്ചതായിരുന്നു. സി.എച്ച്.ആറിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കം സംസ്ഥാന സർക്കാർ ഇടപെട്ടാണ് പരിഹരിച്ചത്. പിന്നീട് റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതും വനംവകുപ്പ് തടഞ്ഞിരുന്നു. ഇക്കാര്യത്തിലും സർക്കാർ ഇടപെടുകയും മുറിക്കേണ്ട മരങ്ങളുടെ എണ്ണവും വിലയും കണക്കാക്കുവാൻ സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 70 ശതമാനം വരെ പാഴ്മരങ്ങളും, ബാക്കി കനമരങ്ങളും പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നതായി ഇവർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1650 മരങ്ങൾ മുറിക്കാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനുള്ള അനുമതി ദേശീയപാത വിഭാഗത്തിന് കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകി.

മരംമുറിക്കാനുള്ള ഉപാധികൾ

1650 മരങ്ങളുടെ വിലയായി 2.33 കോടിരൂപ ദേശീയപാത വിഭാഗം കെട്ടിവയ്ക്കണം. മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി മരങ്ങൾ നടണമെന്നും വ്യവസ്ഥയുണ്ട്.

തടസങ്ങൾ നീങ്ങി

മരവില ഉടൻതന്നെ നൽകും, മരങ്ങൾ മുറിയ്ക്കുന്നതോടെ റോഡ് നിർമാണം വേഗത്തിലാക്കും. മുറിക്കുന്ന മരങ്ങൾക്ക് പകരമായി റോഡിൽ വീതിയുള്ളിടത്തെല്ലാം മരത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കേരള കൗമുദിയോട് പറഞ്ഞു.

നവീകരണ ജോലികൾ

380.41 കോടി രൂപയാണ് പദ്ധതി അടങ്കൽ. ഇതിൽ 298 കോടിയാണ് നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക മറ്റ് പ്രവർത്തനങ്ങൾക്കുള്ളതാണ്. ഗുജറാത്ത് കേന്ദ്രമായുള്ള ഡി.എസ് അഗർവാൾ എന്ന കൺസ്ട്രക്ഷൻ കമ്പനിക്കാണ് കരാർ. പാറ പൊട്ടിച്ച് നീക്കൽ, കല്ലുകെട്ട് മൺപണി തുടങ്ങിയവ പ്രളയത്തെത്തുടർന്ന് നിലച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ ധൃതഗതിയിൽ നടക്കുന്നുണ്ട്. മരങ്ങൾ നീക്കം ചെയ്യുന്നതോടെ ജോലികൾ പൂർണതോതിൽ മുന്നേറും. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. ഇതിൽ 14 മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.