കുമളി: ഇരുചക്ര വാഹനങ്ങളിലുള്ള വിദ്യാർത്ഥികളുടെ പരക്കം പാച്ചിൽ കാരണം കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങാൻ പേടിയാകുന്നു. കുമളി, അണക്കര, പുറ്റടി എന്നിവിടങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇരുചക്രവാഹനത്തിൽ ചീറി പായുന്നത്. ഇതുകാരണം കുമളി മുതൽ പുറ്റടി വരെയുള്ള റോഡിൽ രാവിലെയും വൈകിട്ടും കാൽനടയാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അണക്കരയ്ക്ക് സമീപം ഒരു കാറിന് പിന്നാലെ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. കാർ നിറുത്തിയപ്പോൾ ഇരുചക്രവാഹനത്തിന്റെ വേഗത നിയന്ത്രിക്കാനാവാതെ വന്നതാണ് അപകടകാരണം. ബൈക്കിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശരാശരി മൂന്നുപേരാണ് ബൈക്കിൽ യാത്രചെയ്യുന്നത്. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് പായുന്നത്. വിദ്യാലയ പരിസരങ്ങളിൽ ബൈക്കുകളുടെ അമിതവേഗതയും അഭ്യാസ പ്രകടനങ്ങളും കാരണം നടന്നുപോകുന്ന വിദ്യാർതത്ഥികളും മറ്റ് യാത്രക്കാരും അരക്ഷിതരാണ്. അമിതവേഗതയുടെ പേരിൽ ബൈക്ക് യാത്രികരും നാട്ടുകാരും തമ്മിലും മറ്റ് ഡ്രൈവർമാരുമൊക്കെയായി നിരന്തരം തർക്കങ്ങളും ഉണ്ടാകാറുണ്ട്. പൊതുജനങ്ങൾ ഉപദേശിക്കാൻ ശ്രമിച്ചാൽ അവർക്കുനേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. പ്രായപൂർത്തിയാകാത്തവരും ലെെസൻസ് ഇല്ലാത്തവരുമാണ് ഇരുചക്രവാഹനം ഒാടിക്കുന്നവരിലേറെയും. മോട്ടോർ വാഹനവകുപ്പും പൊലീസും നിരത്തുകളിൽ പരിശോധന കർശനമാക്കി നിയമം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.