തൊടുപുഴ: മുട്ടയുടെ 167 വിഭവങ്ങൾ കൊണ്ട് രുചിവൈവിദ്ധ്യമൊരുക്കിയ തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ എഗ്‌ഫെസ്റ്റ് ശ്രദ്ധേയമായി.
സ്‌കൂൾ പൗൾട്രിക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നേരത്തെ വിതരണം ചെയ്ത 1500 കോഴികളിൽ നിന്നും ശേഖരിച്ച 2500 മുട്ടകളാണ് ഫെസ്റ്റിന് ഉപയോഗിച്ചത്. എഗ് ഡ്രോപ്പ് സൂപ്പ്, സ്‌കോച്ച് എഗ്, എഗ് മയോ നൈസ്, സ്റ്റഫ്ഡ് എഗ്, എഗ് ക്രോക്കറ്റ്, ക്യാരമൽ കസ്റ്റാർഡ്, സ്‌ക്രാബിൾഡ് എഗ്, എഗ് ചീസ് സാൻവിച്ച് തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് കുട്ടികൾ സ്‌കൂളിൽ തയ്യാറാക്കി വിളമ്പിയത്. ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂന്റെ സഹകരണത്തോടെ 14 കുട്ടികൾക്ക് മുട്ടവിഭവങ്ങൾ തയ്യാറാക്കുന്നതിന് പരിശീലനക്ലാസ് നൽകിയിരുന്നു. ഈ കുട്ടികളോടൊപ്പം ഫുഡ്ക്രാഫ്ടിലെ വിദ്യാർത്ഥികളും പങ്കെടുത്തു. സ്‌കൂളിലെ 750 കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം മുട്ടബജി നൽകി. ഇതോടൊപ്പം ജില്ലാ മൃഗാശുപത്രിയുടെ നേതൃത്വത്തിൽ സ്‌കൂൾ പൗൾട്രി ക്ലബ്ബിലെ 100 കുട്ടികൾക്കായ് 500 മുട്ടക്കോഴികളെ വിതരണം ചെയ്തു. ജോയ്സ് ജോർജ് എം.പി മുട്ട ഓംലെറ്റ് ഉണ്ടാക്കി എഗ്‌ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നിർവ്വഹിച്ചു. തിരഞ്ഞെടുത്ത 100 രക്ഷിതാക്കൾക്കുള്ള പാചകക്ലാസിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ സുമാമോൾ സ്റ്റീഫൻ നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജിയോ തടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വെറ്റിനറി സൂപ്രണ്ട് മഞ്ജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെറ്റിനറി ഡോക്ടർ ജിജിമോൻ ജോസഫ്, ഡോ.ജെയ്സൺ പി.റ്റി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം.പിറ്റി.എ പ്രസിഡന്റ് ജിസി സാജൻ എന്നിവർ സംസാരിച്ചു.
സ്‌കൂൾ ഹെഡ്മാസ്റ്റർ ജെയ്സൺ ജോർജ്ജ്, അദ്ധ്യാപകരായ അനീഷ് ജോർജ്, ഷിന്റോ ജോർജ്, മെറിൻ ജോസ്, സിസ്റ്റർ സൗമ്യ, ജിൻസ് ജോസ്, ബിന്ദു ഒലിയപ്പുറം, ബീനാ വിൽസൺ, ആർ. മിനിമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.