രാജാക്കാട്: ഉടുമ്പൻചോല താലൂക്കിൽ റവന്യു അധികാരികളുടെ നിഷ്‌ക്രിയത്വം മൂലം പട്ടയവിതരണം വൈകുന്നതിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കെ.പി.സി.സി നിർവാഹക സമിതി അംഗവും, താലൂക്ക് അസൈൻമെന്റ് കമ്മറ്റി മെമ്പറുമായ ആർ.ബാലൻപിള്ളയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് അസൈൻമെന്റ് കമ്മിറ്റികളിലായി 1005 പട്ടയങ്ങളാണ് ഈ വർഷം പാസാക്കിയത്. ഫെബ്രുവരി 2ന് 278 ഉം, മേയ് 24ന് 354ഉം, ജൂലൈ 20 ന് 74ഉം, ഒക്ടോബർ 6 ന് 206ഉം, നവംബർ 3ന് 93 പട്ടയങ്ങളും പാസാക്കി തുടർ നടപടിക്കായി അയച്ചിരുന്നു. ഇത് സബ് കളക്ടർ ഒപ്പിട്ട് ജില്ലാ കളക്ടറേറ്റിൽ പാസാക്കിയാണ് പണം ട്രഷറി അടയ്ക്കുന്നതിനുള്ള രേഖകൾ പട്ടയ അവകാശികൾക്ക് നൽകുന്നതിനായി ഭൂപതിവ് ഓഫീസുകളിലേക്ക് അയയ്ക്കുന്നത്. എന്നാൽ ഉന്നത റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ചവരുത്തിയതായും, കളക്ടറേറ്റിലും, സബ് കളക്ടർ ഓഫീസിലും ഫയലുകൾ വച്ചു താമസിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഇടുക്കി ജില്ലക്കാരൻ കൂടിയായ കളക്ടർ ചാർജെടുത്തിട്ടും പട്ടയനടപടികൾ പുരോഗമിക്കുന്നില്ല. ഇടതുമുന്നണി സർക്കാർ വിതരണം ചെയ്ത 14,000 പട്ടയങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവ മാത്രമാണ്. പുതുതായി ഒരു പട്ടയം പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പദ്ധതി പ്രദേശങ്ങളിൽ 3 ചെയിൻ ഒഴിച്ചുള്ള പ്രദേശങ്ങൾക്ക് പട്ടയം നൽകുമെന്ന് വാക്കാൽ പറയുമ്പോഴും ഉത്തരവുകൾ ഇറങ്ങിയിട്ടില്ല. ഷോപ്പ് സൈറ്റുകൾക്കും, പൊന്മുടി, കല്ലാർകൂട്ടി, പെരിഞ്ചാംകൂട്ടി പദ്ധതി പ്രദേശങ്ങൾക്ക് സമീപത്തുള്ള കൈവശക്കാർക്കും പട്ടയം നൽകാനുള്ള നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പട്ടയം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷേധസമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജോസ്, മണ്ഡലം പ്രസിഡന്റ് സുനിൽ കുഴിപ്പിള്ളിൽ, ബെന്നി പാലക്കാട്ട്, ജോഷി കന്യാക്കുഴി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.