ഇടുക്കി: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം മാർത്താമറിയം പാരിഷ് ഹാളിൽ ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. ആരോഗ്യത്തോടെ ജീവിക്കുകയാണ് പ്രധാനമെന്നും ആയുർവേദ ചികിത്സകളെകുറിച്ചുള്ള തെറ്റിധാരണകൾ മാറ്റി ആയുർവേദ ചികിത്സാരീതികളെ സമീപിക്കുവാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, മുട്ടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് 'പൊതുജനാരോഗ്യം ആയുർവേദത്തിലൂടെ ' എന്ന സന്ദേശം മുൻനിർത്തിയുള്ള മൂന്നാമത് ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യുവതലമുറയെ അടിമകളാക്കുന്ന ലഹരിവസ്തുക്കളിൽ നിന്നും മോചനം നേടുന്നതിനുള്ള ക്ലിനിക്കിന്റെയും, മുട്ടം ഗ്രാമപഞ്ചായത്ത് ആയുഷ്ഗ്രാം പദ്ധതിയുടെയും ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കലക്ടർ ജീവൻ ബാബു മുഖ്യാതിഥിയായി. ജനങ്ങളിൽ ആയുർവേദത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും ആരോഗ്യരംഗത്ത് ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണം നൽകുന്നതിനും ജില്ലയിലെ വിവിധ മേഖലയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ 2 മാസം നീണ്ടുനിൽക്കുന്ന സൗജന്യ ബോധവൽക്കരണ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കലക്ടർ ജീവൻ ബാബു നിർവഹിച്ചു. ആയുർവേദ ദിന വിളംബരജാഥ, ശ്രീധരീയം ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ്, നാഗാർജുന ഹെർബൽ വാഗൻ എക്സിബിഷൻ, ആയുർവേദ പ്രസവാനന്തര പരിചരണ ബുക്ക്‌ലെറ്റ് പ്രകാശനം, മുക്തിപത്രിക പ്രകാശനം എന്നിവ നടന്നു. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ഇടുക്കി ഭാരതീയചികിത്സ വകുപ്പ് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ്, ഇടുക്കി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി തുടങ്ങിയവരും മറ്റു ത്രിതലപഞ്ചായത്ത് അംഗങ്ങളും ആയുർവേദ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ആയുർവേദ, ആരോഗ്യവിഷയങ്ങളെ സംബന്ധിക്കുന്ന പഠനബോധവൽക്കരണ ക്ലാസുകൾ ആപ്ത ആയുർവേദ, മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ ഡോ. ഉഷ കെ. പുതുമന, എറണാകുളം കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റ്റി.എം. ഉണ്ണികൃഷ്ണൻ, നാഗാർജുന കാർഷികവിഭാഗം മാനേജർ ബേബിജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടന്നത്.