ഇടുക്കി: കട്ടപ്പന നഗരസഭയിൽ മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ പ്രവൃത്തികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയപ്പോൾ സാങ്കേതിക തടസങ്ങൾ കാരണമാണ് പദ്ധതി മുടങ്ങിയത്.

നഗരസഭയുടെ അഞ്ചാം വാർഡ് വെള്ളയാംകുടി ഭാഗത്ത് എസ്.എം.എൽ ജംഗ്ഷൻ മ്ലാക്കണ്ടം കാണക്കാലിപ്പടി റോഡിന് ഓട തെളിയ്ക്കൽ പ്രവർത്തിയോടെയാണ് നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയിലെ ആദ്യ തൊഴിൽദിനമാരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരമാവധി നൂറ് തൊഴിൽ ദിനങ്ങളാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 40 തൊഴിലാളികൾ പണിക്കിറങ്ങി. 80,000 രൂപയുടെ പ്രവർത്തിയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 280 തൊഴിൽ ദിനങ്ങൾ ഇവർക്ക് ലഭിക്കും.

നഗരസഭാധ്യക്ഷൻ മനോജ് എം.തോമസ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റെജീന തോമസ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഡേറ്റാ എൻട്രി ഓഫീസർ റിന്റു ജോസഫ്, ഓവർസിയർ അഞ്ജിത ബാബു, മേറ്റ് ജയസതീഷ് തുടങ്ങിയവർ പങ്കെടുത്തു.

8.72 കോടിയുടെ പദ്ധതി

ഈവർഷം തൊഴിലുറപ്പ് പദ്ധതിയിൽ നഗരസഭയ്ക്ക് 8,72,68,174 രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടമായി 50 ലക്ഷംരൂപ അനുവദിക്കുകയും ചെയ്തു. കല്ല് കയ്യാല, മണ്ണ് കയ്യാല ജലസംരക്ഷണം, തോട് നവീകരിക്കൽ, മഴ നീർക്കുഴി, മൺ ബണ്ട്, പരമ്പരാഗത ജല സ്രോതസുകളുടെ സംരക്ഷണം, വൃക്ഷതൈ വച്ചുപിടിപ്പിക്കൽ, നേഴ്സറി, ജലസേചനകുളം, ഓലി നവീകരണം, കമ്പോസ്റ്റ് കുഴി, ജൈവപുതയിടൽ, ഭൂമി തട്ടു തിരിയ്ക്കൽ, അഴുക്കുചാൽ നിർമ്മാണം, കോളനികളിൽ കമ്പോസ്റ്റ് കുഴികൾ, റോഡുകൾക്ക് ഓട നിർമ്മാണം, ലൈഫ് പദ്ധതി എന്നീ പ്രവർത്തികളാണ് ഏറ്റെടുക്കുന്നത്.