chennithala
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ തൊടുപുഴ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനം

തൊടുപുഴ: ശബരിമല തീർഥാടനം തകർക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. ഭക്തൻമാരേക്കാൾ പൊലീസാണ് ശബരിമലയിൽ കൂടുതലുള്ളത്. തന്ത്രിയെപ്പോലും ബന്ധിയാക്കിയ അന്തരീക്ഷമാണ് ശബരിമലയിൽ നില നിൽക്കുന്നത്. യുവതീപ്രവേശനത്തിൽ സർക്കാർ നടപടികൾ അപക്വമാണെന്നും മാദ്ധ്യമപ്രവർത്തകർക്ക് സന്നിധാനത്തു നിയണന്ത്രണമേർപ്പെടുത്തിയത് അസാധാരണ നടപടിയാണ്. അനാവശ്യമായ നിയന്ത്രണങ്ങൾ തീർത്ഥാടനത്തെ ബാധിക്കുകയും തീർത്ഥാടകരുടെ വരവ് കുറയ്ക്കുകയും ചെയ്യും. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ വഞ്ചിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ യു.ഡി.എഫ് നിലപാട് തുടക്കം മുതൽ ഒന്നാണ്. അമിത് ഷായ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് നിയമനിർമാണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബന്ധുനിയമനം നടത്തിയ കെ.ടി. ജലീൽ രാജിവയ്ക്കണമെന്നും മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം പിഴയോടുകൂടിയ തടവു ലഭിക്കാവുന്ന കുറ്റമാണ് മന്ത്രിയുടേത്. ജയരാജന്റെ രാജിവാങ്ങിയ മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങാൻ വൈകരുതെന്നും രണ്ടുപേരുടെതും ഒരേകുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.