ഇടുക്കി: ഉപഭോക്താക്കൾക്ക് മികച്ച ഡാറ്റ സേവനം ലക്ഷ്യമാക്കി ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ബി.എസ്.എൻ.എൽ 4 ജി മൊബൈൽ സേവനം വ്യാപിപ്പിച്ചു. രാജ്യത്ത് ആദ്യം ബി.എസ്.എൻ.എൽ 4 ജി സേവനം ലഭ്യമാക്കിയത് ഇടുക്കി ജില്ലയിലാണ്. ഇതിനുപുറമെ ഈ സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പാലിറ്റി എന്ന ഖ്യാതി തൊടുപുഴയും സ്വന്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതിനൂതനമായ 4 ജി മൊബൈൽ ഉപകരണങ്ങൾ നൽകുന്നതിന് നോക്കിയ കമ്പനിയുമായാണ് ബി.എസ്.എൻ.എൽ കരാറിലേർപ്പെട്ടിരിക്കുന്നത്.

പുതിയ സേവനത്തിന്റെ ഉദ്ഘാടനം തൊടുപുഴയിൽ നടന്ന ചടങ്ങിൽ ജോയ്സ് ജോർജ് എം.പി. നിർവഹിച്ചു. ബി.എസ് .എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ .പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാദ്ധ്യക്ഷ മിനി മധു, ബി.എസ് .എൻ.എൽ എറണാകുളം ബിസിനസ് മേഖല പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ.ഫ്രാൻസിസ് ജേക്കബ് , കേരള സർക്കിൾ മൊബൈൽ സർവീസ് ജനറൽ മാനേജർ സതീഷ് റാം എന്നിവർ പ്രസംഗിച്ചു.

4 ജി സേവനം124 ടവറുകളിൽനിന്ന്

ഉടുമ്പൻചോല മേഖലയിലെ 6 ടവറുകൾ കൂടാതെ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയസ്ഥലങ്ങളിലെ 118 ടവറുകളിലാണ് പുതിയ സംവിധാനം നടപ്പാക്കിയത് .ഇതോടെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 4 ജി ലഭ്യമാകും. തൊടുപുഴ മേഖലയിൽ 47 ടവറുകൾ 4 ജി യിലേക്ക് മാറി. കൂടാതെ പുതുതായി 150 ടവറുകൾ കൂടി 4 ജിയിലേക്ക് ഉയർത്താനുള്ള നടപടികൾ ഉടനുണ്ടാവും.

ഇന്ത്യയിൽ ആദ്യം ഇടുക്കിയിൽ

ഇന്ത്യയിൽ ആദ്യമായി ബി.എസ്.എൻ.എൽ 4ജി സേവനത്തിനു തുടക്കം കുറിച്ചത് കേരളത്തിൽ ഇടുക്കി ജില്ലയിൽ ആയിരുന്നു. ഉടുമ്പൻചോല, സേനാപതി, ചെമ്മണ്ണാർ, ശാന്തൻപാറ, കല്ലുപാലം എന്നിവിടങ്ങളിൽ ഈ മാസം 1 ന് 4ജി സേവനം നിലവിൽ വന്നിരുന്നു. ഇതിനുപുറമേ ബി.എസ്.എൻ.എൽ 4 ജി സേവനം ലഭിക്കുന്ന ആദ്യ നഗരസഭയായി തൊടുപുഴയും മാറി.

കൂടുതൽ ബ്രൗസിംഗ് വേഗത

ബാൻഡ് 1 ൽ 2100 മെഗാ ഹെർട്സ് ഫ്രീക്വൻസിയിലാണ് ബി.എസ്.എൻ.എൽ 4ജി സേവനം നൽകുന്നത്. കൂടുതൽ വേഗതയിൽ ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 4ജി സേവനം തുടങ്ങുന്ന മേഖലകളിലെല്ലാം പുതിയ സിം കാർഡ് വിതരണവും ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് അടുത്തുള്ള കസ്റ്റമർ സർവീസ് സെന്ററിൽ നിന്നും 4ജി സിം സൗജന്യമായി മാറ്റി വാങ്ങാം. എല്ലാ കസ്റ്റമർ സെന്ററുകളും ഞായറാഴ്ചയും അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നുണ്ട് .

കസ്റ്റമർ കെയർ

എല്ലാ കമ്പനികളുടെയും 2100 മെഗാ ഹെർട്സ് ഫ്രീക്വൻസി സൗകര്യമുള്ള 4 ജി മൊബൈൽ ഫോണുകളിൽ ഈ സിം പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് സംശയ ദൂരീകരണത്തിനും പ്രശ്നപരിഹാരത്തിനുമായി 04862 228200 എന്ന ഹെൽപ് ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .