 ആശുപത്രിയിൽ കൊണ്ട് പോകാൻ തെയ്യാറാവാതെ വനം വകുപ്പ്

കുമളി: തേക്കടിയിൽ വിനോദസഞ്ചാരിയായ യുവതിക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൊൽക്കൊത്ത സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. യുവതി ഉൾപ്പെട്ട സംഘം തടാകത്തിൽ ബോട്ട് സവാരിക്കുശേഷം മടങ്ങവേ ലാന്റിംഗിന് സമീപംവച്ച് അപ്രതീക്ഷിതമായി വാനരന്റെ ആക്രമണത്തിന് ഇരയാവുകായയിരുന്നു. ഇവരുടെ വലതു കൈമുട്ടിന് മുകളിൽ കുരങ്ങിന്റെ നഖംകൊണ്ട് മുറിവേറ്റിട്ടുണ്ട്.
ഈസമയം തേക്കടിയിലുണ്ടായിരുന്ന വനപാലകർ സംഭവം അറിഞ്ഞെങ്കിലും യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ബോട്ട് ലാന്റിംഗിങ്ങിൽ നിന്നും കുമളിക്ക് ട്രിപ്പ് നടത്തുന്ന ജീപ്പിന്റെ ടാക്സി ഡ്രൈവർമാരാണ് ഇവരെ കുമളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.
പിന്നീട് വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഒരു ടാക്സി ഡ്രൈവർ ഫെയ്സ് ബുക്കിലൂടെ ലൈവായി പ്രതിക്ഷേധിച്ചതിനെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത് എത്തിയത്. സംഭവം വിവാദമാകുമെന്ന് കണ്ടപ്പോൾ സഞ്ചാരിയെ വനം വകുപ്പിന്റെ ആംബുലൻസിൽ കമ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.