രാജാക്കാട്: വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന കൗമാര സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു. ഹൈറേഞ്ചിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേരെ വിദ്യാർത്ഥികൾ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.
സംഘത്തിലെ പ്രായപൂർത്തിയാകാത്ത നാലുപേർ ഓടി രക്ഷപെട്ടു. പൊതികളാക്കിയ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവിന്റേയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം വർദ്ധിച്ച് വരുന്നതിനെതിരെ പൊലീസ്, എക്സൈസ് വകുപ്പുകൾ ഉണർന്ന് പ്രവർത്തിച്ച് ബോധവൽക്കരണം ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നതിന് വിദ്യാർത്ഥികളെത്തന്നെയാണ് ലഹരിമാഫിയ കരുവാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പൊലീസ് സ്‌കൂൾ അധികൃതർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തുനിന്നും വരുന്ന വിദ്യാർത്ഥികൾ എസ്.പി.സി യുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ പുറത്തുനിന്നുള്ള 6 കുട്ടികളെ കണ്ട് തടഞ്ഞുവച്ചത്. ചോദ്യം ചെയ്യലിൽ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് 4പേർ ഓടി രക്ഷപ്പെട്ടത്. പൊലീസിന് കൈമാറിയ രണ്ടുപേരും പ്ലസ് ടു വിദ്യാർത്ഥികളാണ്.