തൊടുപുഴ: കൈക്കൂലി കേസിൽ ലീഗൽ മെട്രോളജി വകുപ്പിലെ രണ്ടുപേർ വിജിലൻസിന്റെ പിടിയിലായി.ലീഗൽ മെട്രോളജി വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ മൂവാറ്റുപുഴ ആയവന ഏനാനല്ലൂർ കളമ്പൂർ പി.കെ.മോഹനൻ (55) ,അസിസ്റ്റന്റ് ഇൻസ്‌പെക്ടർ തൊടുപുഴ വെങ്ങല്ലൂർ ചാമപ്പാറയിൽ മാത്യു പുന്നൻ (42) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴരയോടെ തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി കെ.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. അളവുതൂക്ക ഉപകരണങ്ങൾ സർവീസ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇടവെട്ടി മുളമറ്റത്തിൽ സിജുവിന്റെ പരാതിയിലാണ് നടപടി. ത്രാസുകൾ സർവീസ് ചെയ്യുന്നതിനായി ഒന്നിന് 100, 50 രൂപ പ്രകാരം രണ്ട് ഉദ്യോഗസ്ഥരും നാളുകളായി കൈക്കൂലി വാങ്ങി വരികയായിരുന്നു. ഇന്നലെ 64 ത്രാസുകൾ സർവീസ് ചെയ്ത് മുദ്ര പതിക്കുന്നതിന് മോഹനൻ 6400 രൂപയും മാത്യു 3200 രൂപയുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ സിജു വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട തുക ഫിനോഫ്തലിൻ പുരട്ടി സിജുവിനെ ഏൽപ്പിക്കുകയായിരുന്നു. സിജു തൊടുപുഴ മിനിസിവിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി ഓഫീസിലെത്തി പണം കൈമാറുന്നതിനിടെ കാത്തു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇരുവരെയും പിടി കൂടുകയായിരുന്നു.