തൊടുപുഴ: ഇടുക്കി​ എറണാകുളം ജില്ലയുടെ അതിർത്തി പങ്കിടുന്ന നേര്യമംഗലം വികസനം സ്വപ്നം കാണുകയാണ്. ആവശ്യത്തിന് സ്ഥലമില്ലാത്തതാണ് ടൗണിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്നത്. ഇടുങ്ങിയ മുറികളുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോപ്പിംഗ് കോംപ്ലാക്സാണ് നിലവിലെ പ്രധാന വ്യാപാര സമുച്ചയം. കാലപ്പഴക്കമേറെയായിട്ടും വിപുലീകരണ പദ്ധതികളൊന്നും നടപ്പാക്കിട്ടില്ല. വ്യാപാരികൾ തന്നെ സൗകര്യങ്ങളൊരുക്കേണ്ട സ്ഥിതിയാണ്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച നിരവധി കടമുറികളോട് ചേർന്ന കെട്ടിടം ശോച്യവസ്ഥയിലുമാണ്. കൊച്ചി-​ ധനുഷ്കോടി ദേശീയ പാതയ്ക്ക് സമീപത്താണിത്. മറുവശം ജവഹർ നവോദയ വിദ്യാലയമാണ്. ടൗണിലുണ്ടായിരുന്ന സ്ഥലം നവോദയ സ്കൂളിന് കൈമാറിയതോടെയാണ് വികസനത്തിന് സ്ഥലം കണ്ടെത്താൻ കഴിയാതെ ഇരുളടയുന്നത്. ആവോലിച്ചാൽ, ​ബസ് സ്റ്റാൻഡ്, നീണ്ടപാറ,​ ടി.ബി,​ ഹൈസ്കൂൾ ജംഗ്ഷനുകൾ ചേരുന്ന ഇവിടം മൂന്നാറിലേക്ക് പോകുന്ന ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രവുമാണ്. സീസൺ തുടങ്ങിയാൽ യാത്ര മദ്ധ്യേ ധാരാളം വിനോദ സഞ്ചാരികൾ ഭക്ഷണം കഴിക്കാനും പെരിയാറിൽ നിന്നുള്ള കാഴ്ചകൾ കാണാനും ഇവിടെ ഇറങ്ങാറുണ്ട്. ജനവാസം പതിന്മടങ്ങ് വർദ്ധിച്ചിട്ടും ടൗണിന്റെ അടിസ്ഥാന വികസനം ഇന്നും വിദൂര സ്വപ്നമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും പുതിയ കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബസ് സ്റ്റാൻഡിൽ എൽ മാതൃകയിൽ മറ്റൊരു ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിരുന്നു. ഇതിലും വേണ്ടത്ര സൗകര്യങ്ങളില്ലാതെ വ്യാപാരികൾ ബുദ്ധിമുട്ടുകയാണ്.

സ്ഥലം കണ്ടെത്തണം

പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ച് ടൗണിന്റെ വികസനത്തിന് വേഗത പകരണമെന്നാവശ്യം ശക്തമാകുന്നു. നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ എതിർവശത്തായി ദേശീയ പാതയോട് ചേർന്ന് ആവോലിച്ചാൽ ജംഗ്ഷൻ വരെയുള്ള നേര്യമംഗലം ജില്ലാ കൃഷി ഫാമിന്റെ സ്ഥലത്ത് നിന്ന് ഇതിനാവശ്യത്തിന് ഭൂമി വിട്ടുകിട്ടിയാൽ ഹൈറേഞ്ചിന്റെ കവാടം വർഷങ്ങളായി കാത്തിരിക്കുന്ന സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കാനാകും.

ടൗണും നാമ മാത്രമാകും

ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള ടൗണും ചുരുങ്ങും. പല വ്യാപാര കേന്ദ്രങ്ങളും പൊളിച്ചു മാറ്റേണ്ടിവരും. ഇതോടെ ടൗണിന്റെ മുഖം ശോഷിക്കും. വീതികൂട്ടി റോഡ് നവീകരിക്കുന്ന പദ്ധതി പലയിടത്തും വേഗത്തിൽ നടന്നു വരികയാണ്. വർഷങ്ങൾക്ക് മുമ്പ് സർവേ നടത്തി റോഡ് കടന്നു പോകുന്ന ഭാഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആയിട്ടില്ല.