തൊടുപുഴ: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും പ്രയോജനം ജില്ലയിലെ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നില്ല. വകുപ്പിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ കാരിക്കോടും ​ഹൈറേഞ്ചിൽ അടിമാലിയിലും പ്രവർത്തിക്കുന്ന യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രംവും​ ​ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ഇളംദേശം,​ അടിമാലി ബ്ളോക്കുകളിലായി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഒഴികെ മറ്റ് ഒരു പദ്ധതികളും ജില്ലയിൽ നടപ്പിലാക്കുന്നില്ല. ക്രിസ്ത്യൻ,​ മുസ്ലീം,​ ബുദ്ധ, ​ജൈന, ​പാഴ്സി,​ സിഖ് എന്നീ സമുദായങ്ങളുടെ സാമൂഹിക - വിദ്യാഭ്യാസ - തൊഴിൽ - സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിൽ ബുദ്ധ, ​ജൈന,​പാഴ്സി,​ സിഖ് വിഭാഗങ്ങൾ തീരെയില്ല. ജില്ലയിലുള്ള ന്യൂനപക്ഷ വിഭാത്തിന്റെ കൃത്യമായ കണക്കുകൾ ന്യൂനപക്ഷ വകുപ്പിന്റെ സംസ്ഥാന ഓഫീസിലോ ജില്ലാ ന്യൂനപക്ഷ സെല്ലിലോ സൂക്ഷിച്ചിട്ടുമില്ല. വകുപ്പ് മുഖേന എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളുകൾക്ക് ബോധ്യവുമില്ല. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ജില്ലയിൽ നടത്തുന്ന സിറ്റിംഗിൽ പത്തിൽ താഴെ പേർ മാത്രമാണ് എത്തുന്നത്. ഇത് തന്നെ ഈ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അവബോധത്തിന് ഉദാഹരണമാണ്.

പ്രമോട്ടർമാരുടെ സേവനം അവസാനിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കരാർ വ്യവസ്ഥയിൽ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രമോട്ടർമിാർ പ്രവർത്തിച്ചിരുന്നെങ്കിലും നാല് വർഷം മുമ്പ് അവരുടെ പ്രവർത്തനം അവസാനിപ്പിച്ചു.

വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ എണ്ണം

സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് വകുപ്പ് ചെയ്യുന്ന പദ്ധതികൾ-​​,​ 18

സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ഉപപദ്ധതികൾ-​ 7

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനത്ത് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ-​ 9

കേന്ദ്ര ​ സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന (മൾട്ടി സെക്ട്രൽ ഡവലപ്പ്മെന്റ് )​ പദ്ധതികൾ-​ 9

വിലാസം

ജില്ലാ ഓഫീസ്

ഡെപ്യൂട്ടി കളക്ടർ (ജനറൽ)​

ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ

കളക്ടറേറ്റ്,,​ ഇടുക്കി

ഫോൺ: ​04862 232242