crime-accused
പിടിയിലായ പ്രതികൾ

മറയൂർ: കാന്തല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റയാളിന്റെ നിലഗുരുതരമായി തുടരുന്നു. ആസാം സ്വദേശികളായ കെട്ടിട നിർമ്മാണ തൊഴിലാളികളാണ് തമ്മിൽതല്ലിയത്. സംഘത്തിലെ രണ്ടുപേർ ചേർന്ന് ആസാം സ്വദേശിയായ പ്രണവിനെ (27) വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കീഴാന്തൂർ ശിവാബന്തി ഭാഗത്ത് സ്വകാര്യ കമ്പനിയുടെ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അമൃത് സർക്കാർ (32), ദംബ (20) എന്നിവരെ പയസ് നഗർ ഭാഗത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മറയൂർ എസ്.ഐ ജി. അജയകുമാർ, എസ്.സി.പി.ഒ അബ്ബാസ്, സി.പിഒമാരായ അജീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രണവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.