തൊടുപുഴ: ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മങ്ങാട്ടു കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്വകയറിൽ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. യോഗ്യതകളുള്ള പൊതു മേഖലാ ജീവനക്കാരന്റെ അപേക്ഷ തള്ളിയാണ് ബന്ധുവിന് മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നൽകിയതെന്നും നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്തിരുന്ന പ്രവർത്തന പരിചയമുള്ളയാളെ പറഞ്ഞുവിട്ട് മനപൂർവം ഒഴിവ് സൃഷ്ടിച്ചത് ക്രമക്കേക്ക് നടന്നതിന്റെ തെളിവാണന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ. നൗഷാദ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എം. അൻസാർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എം. സലിം, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ എന്നിവർ സംസാരിച്ചു.