shed
ബാലഗ്രാമിൽ മുറിച്ചുകടത്തിയ വെയിറ്റിംഗ് ഷെഡിന്റെ തറ

നെടുങ്കണ്ടം: പഞ്ചായത്തിന്റെ വെയിറ്റിംഗ് ഷെഡ് സാമൂഹ്യവിരുദ്ധർ മുറിച്ചുകടത്തി. പാമ്പാടുംപാറ പഞ്ചായത്ത് ബാലഗ്രാം ടൗണിൽ സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡാണ് കഴിഞ്ഞദിവസം രാത്രിയിൽ അപ്രത്യക്ഷമായത്. പൈപ്പ് തൂണിൽ മേൽക്കൂര നിർമ്മിച്ച് തകരഷീറ്റ് മേഞ്ഞ ഷെഡാണ് കടത്തിയത്. പൈപ്പുകൾ തറയോട് ചേർന്ന് അറുത്തുമാറ്റി കൊണ്ടുപോവുകയായിരുന്നു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറി ഇന്ന് ഔദ്യോഗികമായി പരാതി നൽകും. എട്ട് വർഷം മുമ്പ് പഞ്ചായത്ത് സ്ഥാപിച്ചതാണ് വെയിറ്റിംഗ് ഷെഡ്. അടുത്ത ദിവസങ്ങളിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനിടയിലാണ് യാത്രക്കാർക്ക് ആശ്രയമായിരുന്ന വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂരയും ഇരുമ്പ് തൂണുകളും സാമൂഹ്യവിരുദ്ധർ കടത്തിയതെന്ന് പ്രസിഡന്റ് പറഞ്ഞു. അലപ്പുഴ- മധുര ദേശീയ പാത കടന്നുപോകുന്ന ബാലഗ്രാം ടൗണിൽ നിന്ന് കമ്പംമെട്ട്, തൂക്കുപാലം, നെടുങ്കണ്ടം, കൂട്ടാർ എന്നിവിടങ്ങളിലേക്ക് ബസ് കയറുന്നതിനായി യാത്രക്കാർ ആശ്രയിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത്. ആറ് മാസം മുമ്പ് തേർഡ്ക്യാമ്പിൽ നിന്ന് സമാനമായ രീതിയിൽ പഞ്ചായത്തിന്റെ തന്നെ വെയിറ്റിംഗ് ഷെഡ് മോഷ്ടിക്കപ്പെട്ടിരുന്നു.