രാജാക്കാട്: പന്നിയാർകുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് തോട്ടിലേയ്ക്ക് ചരിഞ്ഞു. ആർക്കും സാരമായ പരിക്കില്ല. ഇന്നലെ പുലർച്ചെ നാലിന് സേനാപതിയിൽ നിന്ന് രാജക്കാട് വഴി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. 33 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. നിസാര പരിക്കുകളേറ്റവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. കുത്തിറക്കവും കൊടുംവളവുകളുള്ള റോഡിൽ ഡ്രൈവറുടെ പരിചയക്കുറവാകാം അപകടകാരണമെന്നാണ് സംശയം. ഈ വളവിൽ ഇതിന് മുമ്പും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതിന് മുകളിലുള്ള വളവിൽ മാങ്ങാലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ അടിവശത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി രണ്ട് പേർ മരിച്ചിരുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന പരാതിയെ തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാനായില്ലെങ്കിൽ പൊന്മുടി തൂക്കുപാലത്തിന് സമീപം സമാന്തരപാലം നിർമ്മിച്ച് ഇതുവഴി വാഹനങ്ങൾ കടത്തിവിടണമെന്നും ആവശ്യമുണ്ടായിരുന്നു. തുടർന്ന് സർക്കാർ പാലം നിർമ്മിക്കുന്നതിന് സോയിൽ ടെസ്റ്റടക്കം നടത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പാലം നിർമ്മാണം ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.