കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പ്രഥമ വൈസ് പ്രസിഡന്റായിരുന്ന ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഏറെ പ്രചോദനം പകരുന്നതായിരുന്നെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. ഡോ. പൽപ്പുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് മലനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും കുമാരി സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗ ചരിത്രത്തിന്റെ തങ്ക ലിബികളിൽ എഴുതിചേർക്കപ്പെടുന്ന നാമമാണ് ഡോ. പൽപ്പു. സംഘടനയ്ക്കും പൊതു സമൂഹത്തിനുമായി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാകില്ല. ചുറ്റുപാടുകളാൽ സൃഷ്ടിക്കപ്പെട്ട ആളല്ല ചുറ്റുപാടുകളെ സൃഷ്ടിച്ച നേതാവാണ് പൽപ്പുവെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറ മാതൃകയാക്കി പ്രവർത്തിക്കേണ്ട അതുല്യനായ നേതാവാണ് ഡോ. പൽപ്പുവെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. സംഘടനയ്ക്കുവേണ്ടി ആയുസും വപുസും സമർപ്പിച്ച സർവാദരണീയനായ നേതാവാണ് ഡോ. പൽപ്പുവെന്ന് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. കട്ടപ്പന ടൗൺ ഹാൾ പരിസരത്ത് നിന്ന് ആയിരക്കണക്കിന് യുവതീയുവാക്കൾ നയിച്ച റാലി കട്ടപ്പന മിനിസ്റ്റേഡിയത്തിൽ സമാപിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി.എൻ. സത്യവാസൻ,പി.കെ രാജൻ, മനോജ് ആപ്പാന്താനം,പി.ആർ. രതീഷ്, പി.കെ. സുനിൽ കുമാർ, എ.എസ്. സതീഷ്, വൈദിക സമിതി യൂണിയൻ പ്രസിഡന്റ് കെ.എസ്. സുരേഷ് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്രീകലാ ശ്രീനു, യൂണിയൻ പോഷക സംഘടന ഭാരവാഹികളായ ബിനീഷ് കെ.പി, വൈശാഖ് പി.എസ്, സോജു ശാന്തി, ലതാ സുരേഷ്, സത്യൻ മാധവൻ, ദേവികാ ഷാജി, ടി.കെ. അനീഷ് എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മന്റെ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല സ്വാഗതവും കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി ഭാവന നന്ദിയും പറഞ്ഞു. യൂണിയനിലെ 38 ശാഖകളിൽ നിന്നുള്ള യൂണിഫോം ധാരികളായ ആയിരക്കണക്കിന് യുവതീ യുവാക്കളും ശ്രീനാരായണീയരുമാണ് പരിപാടികളിൽ പങ്കെടുത്തത്.