മറയൂർ: മറയൂരിലെ സ്വകാര്യഭൂമിയിൽ നിന്നും വീണ്ടും വൻ ചന്ദനമോഷണം. കാന്തല്ലൂർ എടക്കടവ് ഭാഗത്തെ കൃഷിയിടങ്ങളിൽ നിന്നാണ് 50 ലക്ഷം രൂപയോളം വിലവരുന്ന ചന്ദനമരങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയത്. മരുതംവയൽ വീട്ടിൽ കനകരാജന്റെ കൃഷിയിടത്തിൽ നിന്ന മരത്തിന്റെ വേര് ഉൾപ്പെടെയുള്ള ഭാഗങ്ങളും സമീപത്തുള്ള സുമിത്ര പളനിസ്വാമിയുടെ വീട്ടുമുറ്റത്ത് നിന്ന മരവുമാണ് മോഷ്ടാക്കൾ വെട്ടികടത്തിയത്. കാട്ടാനശല്യം കാരണം സ്ഥലം ഉടമകൾ താൽക്കാലികമായി ഇവിടെനിന്ന് മാറിത്താമസിക്കുന്ന സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയിരിക്കുന്നത്.
ജനവാസകേന്ദ്രത്തിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ മോഷണവിവരം പുറത്തറിഞ്ഞുമില്ല. കാട്ടാന ശല്യമുള്ള പ്രദേശമായതിനാൽ രാത്രിയിൽ എന്തെങ്കലും ശബ്ദം കേട്ടാലും ഭയം കാരണം ആരും പുറത്തിറങ്ങില്ല എന്നതും മോഷ്ടാക്കൾക്ക് അനുഗ്രഹമായി. മോഷണം സംബന്ധിച്ച് സ്ഥലം ഉടമകൾ മറയൂർ ഫോറസ്റ്റ് ഓഫീസിൽ പരാതിനൽകി.