അഞ്ചിരി: കർഷകരോട് സഹകരിച്ചുള്ള തെക്കുംഭാഗം സഹകരണബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. തെക്കുഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും അഞ്ചിരി പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കാർക്കുള്ള പ്രകൃതിദുരന്ത ധനസഹായ വിതരണം അഞ്ചിരി പാടശേഖര സമിതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിനോടൊപ്പം കർഷകർക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ആലക്കോട് പഞ്ചായത്ത്, കൃഷിഭവൻ, സഹകരണവകുപ്പ്, ജനപ്രതിനിധികൾ എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാടശേഖര സമിതിയ്ക്ക് സ്വന്തമായി ഓഫീസും ഓഡിറ്റോറിയവുമുള്ളത് സന്തോഷം പകരുന്നു. നെൽകൃഷി അന്യം നിൽക്കുന്ന കാലഘട്ടത്തിൽ അഞ്ചിരിമേഖലയിൽ 53 ഹെക്ടർ നെൽപാടം നിലനിൽക്കുന്നവെന്നത് ശ്രദ്ധേയമാണ്. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് സർക്കാർ സഹായം എത്തുംമുമ്പേ ധനസഹായം നൽകിയ തെക്കുംഭാഗം സഹകരണബാങ്കിന്റെ ഭരണസമിതിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ 44 കർഷകർക്കും ഇടവെട്ടി പഞ്ചായത്തിലെ മൂന്ന് കർഷകർക്കുമാണ് എം.എൽ.എ ധനസഹായം വിതരണം ചെയ്തത്. കുട്ടനാട്ടിലും പാലക്കാട്ടുമുള്ളതുപൊലെ അഞ്ചിരിയിലും പാടസശേഖരസമിതി പ്രവർത്തിക്കുന്നത് നെൽകർഷകരുടെ ഒത്തൊരുമയാണ് സൂചിപ്പിക്കുന്നതെന്ന് സഹകരണസംഘം അസി. രജിസ്ട്രാർ സി.സി. മോഹൻ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത, ഇളംദേശംബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി, ആലക്കോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌മോൻ അബ്രാഹം, മെമ്പർമാരായ ബേബി ജോസഫ്, ഡാലി ഫ്രാൻസിസ്, ശ്രീജ ബാബു, എ.കെ. സുഭാഷ്‌കുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, കൃഷി ഓഫീസർമാരായ ജീസ് ലൂക്കോസ്, ബേബിജോർജ്, പാടശേഖരസമിതി പ്രസിഡന്റ് തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ, ബാങ്ക് ഡയറക്ടർ മാത്യു ജോസഫ് ചേംബ്ലാങ്കൽ, സെക്രട്ടറി ഇൻ ചാർജ് വി.ടി. ബൈജു എന്നിവർ പ്രസംഗിച്ചു.