രാജാക്കാട്: വിനോദ സഞ്ചാര കേന്ദ്രവും പ്രമുഖ ട്രക്കിംഗ് താവളവുമായ രാജാപ്പാറമെട്ടിലേക്കുള്ള പൊതു റോഡ് സ്വകാര്യ വ്യക്തി കൈയേറി വേലികെട്ടി അടച്ചു. പൂപ്പാറ- കുമളി സംസ്ഥാന പാതയിൽ രാജാപ്പാറ ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്ററോളം കൂപ്പ് റോഡിലൂടെ മലമുകളിലേയ്ക്ക് സഞ്ചരിച്ചാൽ ഇവിടെ എത്താം. ഇത് സൂചിപ്പിച്ചുകൊണ്ട് ജംഗ്ഷനിൽ ദിശാ ബോർഡും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. മതികെട്ടാൻ ചോല വനത്തിന്റെ തെക്ക് തമിഴ്നാട് അതിർത്തിയിൽ മലനിരകൾക്ക് മുകളിലെ നയന മനോഹരമായ പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്ന് 3700 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമുകളിൽ നിന്നാൽ തമിഴ്നാടൻ ഗ്രാമങ്ങളുടെയും ഇടുക്കിയുടെ ഒട്ടുമിക്ക ഭാഗങ്ങളുടെയും വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാനാവും. ജീപ്പുകളും ബൈക്കുകളും മാത്രം കടന്നുചെല്ലുന്ന 'ഫോർട്ട് സൺറൈസ് വ്യൂ പോയിന്റ്' എന്ന് അറിയപ്പെടുന്ന ഇവിടേയ്ക്ക് വർഷങ്ങളായി സഞ്ചാരികൾ വാഹനങ്ങളിലും കാൽനടയായും എത്തിക്കൊണ്ടിരിക്കുന്നതാണ്. ഈ റോഡാണ് വ്യൂ പോയിന്റിനു ഏദേശം 100 മീറ്ററോളം അടുത്തുവച്ച് സമീപത്തെ സ്ഥലമുടമ വേലികെട്ടി അടച്ചിരിയ്ക്കുന്നത്. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്ന് സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ തിരക്ക് കുറവാണ്. കഴിഞ്ഞ ദിവസമാണ് ഇതര സംസ്ഥാന ജോലിക്കാരെ ഉപയോഗിച്ച് വഴിയ്ക്ക് കുറുകെ കഴകൾ സ്ഥാപിച്ചത്. പാതയുടെ ഇടതുവശത്ത് അടുത്തിടെ സ്ഥലം വാങ്ങിയ ഇവർ സ്വന്തം ഭൂമി ഫെൻസിംഗ് നടത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. റോഡ് അധീനതയിലാക്കിയ ശേഷം സഞ്ചാരികളിൽ നിന്ന് ടോൾ പിരിയ്ക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന.