കട്ടപ്പന: ഇന്നലെ നടന്ന കട്ടപ്പന നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. നടപടികൾ ആരംഭിച്ച് ചർച്ച തുടങ്ങിയപ്പോൾ തന്നെ ഭരണപക്ഷത്തെ സിബി പാറപ്പായി അനധികൃത നിർമ്മാണങ്ങൾ നിറുത്തി വെക്കാൻ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ബി.ജെ.പിയിലെ പി.ആർ രമേശ് കൂടി രംഗത്തു വന്നതോടെ ബഹളമയമായി. പരിശോധിച്ച് നടപടി എടുക്കാമെന്ന ചെയർമാന്റെ നിർദേശം വന്നതോടെ കൂടുതൽ അംഗങ്ങൾ ബഹളവുമായി രംഗത്തെത്തി. കട്ടപ്പന അശോക ജംഗ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെ പാതയോരത്തിന് സമീപം യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്ന് എക്സ്‌ക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശം ഉള്ളതാണ്. എന്നാൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ ഈ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പത്തോളം ചെറിയ കെട്ടിടങ്ങൾ മുതൽ ബഹുനില കെട്ടിടങ്ങൾ വരെയാണ് ഈ ഭാഗങ്ങളിൽ കെട്ടിപൊക്കുന്നത്.പരാതി നൽകിയാൽ അമ്പതിനായിരം മുതൽ കൈക്കൂലി വാങ്ങി അനുമതി നൽകുകയാണ് നഗരസഭ ചെയ്യുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും അംഗങ്ങൾ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചട്ടപ്രകാരമല്ലെന്ന് കാട്ടി പരാതി നൽകിയെങ്കിലും അതും അട്ടിമറക്കപ്പെട്ടെന്ന് മനോജ് മുരളി ആരോപിച്ചു. എന്നാൽ സർവ്വകക്ഷിയോഗത്തിൽ പൊളിക്കുന്ന കെട്ടിടങ്ങൾ ബലപ്പെടുത്താനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു. അനധികൃത കെട്ടിട നിർമ്മാണങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു. പുതിയ സ്റ്റാൻഡിലെ കെട്ടിടം അനധികൃതമായാണ് നിർമ്മിച്ചതെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ നടപടിയെടുക്കുന്നെങ്കിൽ ഒരാളെ മാത്രം ബലിയാടാക്കാതെ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് കാട്ടേണ്ടതെന്ന് ടൗൺ വാർഡ് കൗൺസിലർ സി.കെ മോഹനൻ പറഞ്ഞു. നഗരത്തിലെ മാർക്കറ്റ് ജംഗ്ഷനിലെ മരങ്ങൾ വെട്ടിമാറ്റിയപ്പോൾ തകർന്ന റോഡ് നിർമ്മിക്കാൻ തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് 50000 രൂപ അനുവദിക്കാൻ തീരുമാനിച്ചു. വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ അംഗീകരിക്കുന്നതായിരുന്നു യോഗത്തിലെ ആദ്യ അജണ്ട.
ശ്മശാനത്തിന്റെ ചുറ്റുമതിലിന് 10 ലക്ഷം
കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന മുനിസിപ്പാലിറ്റിയുടെ ശാന്തിതീരം ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് റെജി കൊട്ടക്കാട്ട്, സണ്ണികോലോത്ത് എന്നിവർ ആവശ്യപ്പെട്ടു. ശ്മശാനത്തിലെ പുകക്കുഴലിന് ഉണ്ടായിരിക്കുന്ന കേടുപാടുകൾ പരിഹരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ശ്മശാനത്തിന് ചുറ്റുമതിൽ നിർമ്മിക്കാൻ 10ലക്ഷം രൂപ അനുവദിക്കുമെന്ന് ചെയർമാൻ അറിയിച്ചു.