ഇടുക്കി: കുട്ടിക്കാനത്തിന് സമീപം ദേശീയപാതയിൽ തുടർച്ചയായി കാറുകൾ അഗ്നിക്കിരയാകുന്നതിൽ നാട്ടുകാർക്ക് ആശങ്ക. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മൂന്ന് കാറും ഒരു വാനുമുൾപ്പെടെ നാല് വാഹനങ്ങളാണ് ഇവിടെ കത്തിയമർന്നത്. അഗ്നിക്കിരയായതെല്ലാം ഒരേകമ്പനി നിർമ്മിച്ച വാഹനങ്ങളാണെന്നതാണ് ഏറെ കൗതുകം. ഈ പരമ്പരയിൽ ഏറ്റവും ഒടുവിലത്തെ സംഭവം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അരങ്ങേറിയത്. വിദേശ വിനോദസഞ്ചാരികളുമായി കൊച്ചിയിൽ നിന്ന് തേക്കടിക്ക് പോയ ടൂറിസ്റ്റ് കാർ പൂർണമായും കത്തിയമരുകയായിരുന്നു. സഞ്ചാരികളും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനുമുമ്പ് കഴിഞ്ഞ ജൂലായ് 29 ന് രാത്രി 12.30 നാണ് മുറിഞ്ഞപുഴയ്ക്ക് സമീപം വാൻ കത്തിയത്. വളഞ്ഞാംകാനം വളവിലും മുറിഞ്ഞപുഴയിലുമായി രണ്ടുകാറുകൾ കത്തിയതിന് പിന്നാലെയായിരുന്നു വാനും അഗ്നിക്കിരയായത്. മുണ്ടക്കയം ഭാഗത്തുനിന്ന് കയറ്റം കയറിവരുന്ന വാഹനങ്ങൾക്കാണ് തീ പിടിക്കുന്നത് എന്നതിനാൽ എൻജിൻ ചൂടാകുന്നതുമൂലം സംഭവിക്കുന്നതാകാം എന്നതാണ് പൊതുവേയുള്ള നിഗമനം. ദേശീയപാതയിൽ 35-ാം മൈൽ മുതൽ കുട്ടിക്കാനം വരെ ഏതാണ്ട് 18 കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ഇത്രയും ദൂരം എയർകണ്ടീഷൻ പ്രവർത്തിപ്പിച്ചുകൊണ്ട് വലിയഗിയറിൽ തുടർച്ചയായി കയറ്റം കയറുന്നതാകാം എൻജിൻ അമിതമായി ചുട്ടുപഴുക്കാൻ കാരണമെന്നാണ് ഡ്രൈവർമാരുടെ അഭിപ്രായം. അതേസമയം കാറുകൾ കത്തുന്നത് ദേശീയപാതയിലെ ഒരു നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ മാത്രമാണെന്നതിൽ ദുരൂഹതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. മുറിഞ്ഞപുഴക്കും വളഞ്ഞാംകാനം നിരപ്പിനും ഇടയിലുള്ള രണ്ട് കിലോമീറ്ററിനുള്ളിലാണ് നാല് സംഭവങ്ങളും ഉണ്ടായത്.
പുല്ലുപാറയിലെ കൂളിംഗ് സ്റ്റേഷന് പുല്ലുവില
മുൻ കാലങ്ങളിൽ മുണ്ടക്കയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുല്ലുപാറയിൽ നിറുത്തി എൻജിൻ തുണിപ്പിച്ചശേഷമെ യാത്ര തുടരുമായിരുന്നുള്ളു. വേനൽക്കാലത്തുപോലും മലയിടുക്കുകളിൽ നിന്നുള്ല നീരുറവ ഹോസുകളിൽ എത്തിച്ച് വാഹനം തണുപ്പിക്കാൻ സംവിധാനമൊരുക്കുന്നത് പുല്ലുപാറയിലെ ചെറുകിട ചായക്കടക്കാരുടെ സൗജന്യ സേവനവുമായിരുന്നു. വാഹനം തണുപ്പിക്കാൻ നിറുത്തുമ്പോൾ യാത്രക്കാർ ചായകുടിക്കാൻ ഇങ്ങുന്ന ശീലമുണ്ടായിരുന്നു. പിന്നീട് കാലം പുരോഗമിച്ചപ്പോൾ വാഹനങ്ങളുടെ സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം കാരണം ഇടയ്ക്കിടെ റേഡിയേറ്റർ തണുപ്പിക്കേണ്ടത് അനിവാര്യമല്ലാതായി. അതോടെ പുല്ലുപാറയ്ക്കും അവിടുത്തെ വ്യാപാരികളുടെ സൗജന്യ സേവനത്തിനും ഡ്രൈവർമാർ പുല്ലുവില കൽപ്പിക്കാതായി.
രണ്ടെണ്ണം സിനിമ ചിത്രീകരണത്തിന് കത്തിച്ചതെന്ന്
വളഞ്ഞാംകാനത്തിന് സമീപം തീപിടിച്ച നിലയിൽ കാണപ്പെട്ട രണ്ട് വാഹനങ്ങൾ ഏതോ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കത്തിച്ചതാണെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പ്രദേശ വാസികൾക്ക് യാതൊരു അറിവുമില്ല.
അന്വേഷണം വേണം
ബെന്നി പെരുവന്താനം
ഡി.സി.സി. ജന. സെക്രട്ടറി
''ദേശീയപാതയിൽ വളഞ്ഞാംകാനം ഭാഗത്ത് കാറുകൾ തുടർച്ചയായി അഗ്നിക്കിരയാകുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണം. എൻജിൻ തകരാറൊ ഷോർട്ട് സർക്ക്യൂട്ടൊ ആയാലും ഒരു നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ മാത്രം തീപിടിക്കുന്നത് ദുരൂഹമാണ്''.