മുട്ടം: ഉദ്ഘാടനം കഴിഞ്ഞിട്ട് കാലങ്ങളായ മുട്ടം ജില്ലാ ജയിൽ 15 മുതൽ പ്രവർത്തനം ആരംഭിക്കും. ആദ്യപടിയായി 50 തടവുകാരെ പാർപ്പിക്കാനാണ് തീരുമാനം. ദേവികുളത്തെയും, പീരുമേട്ടിലേയും, ഇടുക്കിയിലേയും, തടവുകാരെയാണ് ആദ്യം പാർപ്പിക്കുക. ഇപ്പോൾ ക്വാട്ടേഴ്‌സിന്റെ നിർമാണ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. സെല്ലുകൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ജില്ലയിൽ ദേവികുളത്തും പീരുമേട്ടിലും ഓരോ സബ് ജയിലുകളാണുള്ളത്. കഞ്ഞിക്കുഴി, മുരിക്കാശേരി, ഇടുക്കി പൊലീസ് സ്റ്റേഷനുകളിലെ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലാണ് പാർപ്പിക്കുന്നത്. മുട്ടത്ത് പത്തോളം കോടതികളും ഇടുക്കിയിൽ മൂന്ന് കോടതിയുമുണ്ട്. ഈ കോടതികളിൽ നിന്ന് പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിൽ എത്തിക്കുകയും തിരിച്ച് മുട്ടം, ഇടുക്കി കോടതികളിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതും പൊലീസിന് ഏറെ ബുദ്ധിമുട്ടായിരുന്നു. നല്ലൊരു തുക യാത്രാപടി ഇനത്തിലും നഷ്ടപ്പെടുമായിരുന്നു. കൂടാതെ പ്രതികൾ കോടതിയിലേക്കുള്ള വഴി പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ രക്ഷപ്പെടുന്ന പ്രതിയെ പിടികൂടാനായി സർക്കാരിന് ഏറെ സാമ്പത്തിക നഷ്ടവും ഉണ്ടാവുന്നുണ്ട്. മുട്ടത്ത്‌ ജില്ലാ ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. ജില്ലാ ജയിൽ യാഥാർഥ്യമാകുന്നതോടെ കോടതിയുമായുള്ള അകലം 100 മീറ്റർ മാത്രമായി ചുരുങ്ങും. ജയിലിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാൻ ഒരു ട്രാൻസ്‌ഫോമർ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ജില്ലാ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ നിയമനകാര്യങ്ങളടക്കമുള്ളവയിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ തലത്തിലാണ്. ഏകദേശം 70 ഉദ്യോഗസ്ഥരാണ് ആവശ്യമുള്ളത്.