kk
നെടുങ്കണ്ടം പുഷ്പകണ്ടത്ത് മണ്ണിനടിയിൽ നിന്നും ലഭിച്ച നന്നങ്ങാടി നാട്ടുകാർ ചേർന്ന് പുറത്തെടുക്കുന്നു

രാജാക്കാട്: നെടുങ്കണ്ടം പുഷ്പകണ്ടത്ത് നിന്ന് ചിത്രപ്പണികൾ ചെയ്ത വലിയ നന്നങ്ങാടികൾ ലഭിച്ചു. ഹൈദർമെട്ടിന് സമീപം പള്ളിത്താഴത്ത് മുഹമ്മദ് കുഞ്ഞിന്റെ പുരയിടത്തിൽ നിന്നുമാണ് നന്നങ്ങാടി കിട്ടിയത്. ഒന്നര മാസം മുമ്പ് ഇദ്ദേഹത്തിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കുടത്തിനോട് സാദൃശ്യം തോന്നുന്ന വസ്തുവിന്റെ മുകൾഭാഗം മണ്ണിനു മുകളിൽ കണ്ടിരുന്നു. പ്രളയകാലത്തെ മഴയിൽ റോഡിലെ മണ്ണ് ഒലിച്ചപോയതോടെ കൂടുതൽ ഭാഗങ്ങൾ പുറത്തു വന്നു. ഏതോ നിർമ്മിതി ആണെന്ന് മനസിലായതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് കഴിഞ്ഞ ദിവസം മണ്ണു നീക്കി നന്നങ്ങാടി പുറത്തെടുക്കുകയുമായിരുന്നു.

സാമാന്യത്തിലധികം വലിപ്പമുള്ള ഇതിന്റെ വായ ഭാഗത്തിന് മൂന്നടിയോളം വ്യാസമുണ്ട്. കുടത്തിൽ വിവിധ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. മരങ്ങളുടെ വേരുകൾ വളർന്നിറങ്ങി ഇറങ്ങി ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതിനെത്തുടർന്ന് കുടത്തിനു ചുറ്റിലും വലിയ കുഴി നിർമ്മിച്ച് വളരെ ശ്രമകരമായാണ് ഇത് പുറത്തെടുത്തത്. സമീപത്തെ പുരയിടത്തിൽ നിന്ന് ഏതാനും വർഷങ്ങൾ മുമ്പ് ചെറിയ നന്നങ്ങാടി ലഭിച്ചിട്ടുണ്ട്. പുഷ്പ്പകണ്ടം, രാമക്കൽമേട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി നന്നങ്ങാടികളും, പുരാതന കാലത്ത് മനുഷ്യർ ഉപയോഗിച്ചതെന്ന് കരുതുന്ന ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്. മുണ്ടിയെരുമയ്ക്ക് സമീപത്ത് നിന്ന് ശംഖിന്റെ ചിത്രം ആലേഖനം ചെയ്ത നന്നങ്ങാടി അധികം കേടുപാടുകൾ കൂടാതെ ലഭിച്ചിരുന്നു. ഹൈറേഞ്ചിലെ അതിർത്തി മേഖലകൾ പുരാതന കാലത്ത് വലിയ ജനവാസ മേഖലകളായിരുന്നു എന്നതിന്റെ സൂചനകളാണ് ഇതിൽ നിന്ന് ലഭിയ്ക്കുന്നത്. എന്നാൽ മേഖലയുടെ ചരിത്ര പ്രാധാന്യം മനസിലാക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.