മറയൂർ: ചന്ദന ഡിവിഷനിലെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷന് പിന്നിൽ നിന്ന ചന്ദനമരത്തിന്റെ ശിഖരം മുറിച്ച് കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കാന്തല്ലൂർ കണക്കായം ആദിവാസി കോളനിയിലെ സുപ്രൻ എന്ന് വിളിക്കുന്ന സുബ്രഹ്മണ്യനാണ് (63) പിടിയിലായത്. കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിനുള്ളിൽ ഒളിപ്പിച്ച അഞ്ച് കിലോഗ്രാം ചന്ദനത്തടിയും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് നിരവധി ജീവനക്കാരുള്ള സ്റ്റേഷന്റെ പരിസരത്ത് നിന്ന് ചന്ദന മരത്തിന്റെ ശിഖരം മുറിച്ചുകടത്തിയത്. കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ മഹാരാജാ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.ജെ. ഗീവർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയഘോഷ്, പി.എ. സുനിൽ, ബി.സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.