k
ജില്ലാ പി എസ് സി ഓഫീസിന് കട്ടപ്പന നഗരസഭ സൗജന്യമായി നല്കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ നഗരസഭാധ്യക്ഷൻ അഡ്വ. മനോജ് എം.തോമസ് പി എസ് സി അംഗം പ്രൊഫ. ലോപ്പസ് മാത്യുവിന് കൈമാറുന്നു

കട്ടപ്പന: വർഷങ്ങളായി കട്ടപ്പനയിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോപ്ലക്സിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ജില്ലാ പി.എസ്.സി ഓഫീസിന് കട്ടപ്പന നഗരസഭ സ്വന്തമായി സ്ഥലം അനുവദിച്ചു നൽകി. പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ ജില്ലാ ഓഫീസിന് വേണ്ടി സ്ഥലത്തിന്റെ ഉടമസ്ഥരേഖ നഗരസഭ ചെയർമാൻ മനോജ് എം തോമസിൽ നിന്ന് ഏറ്റു വാങ്ങി. ഈ സ്ഥലത്ത് ഓൺലൈൻ പരീക്ഷ നടത്താവുന്ന വിധത്തിലുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ ഉദ്യോഗാർത്ഥി സൗഹൃദമായ കെട്ടിടം നിർമ്മിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
കട്ടപ്പന അമ്പലകവലയ്ക്കു സമീപം ഗ്രൗണ്ട് റോഡ് സൗകര്യങ്ങളുള്ള അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 20 സെന്റ് സ്ഥലമാണ് നഗരസഭ പി.എസ്.സിക്ക് വിട്ടുനൽകിയത്. ഇന്റർവ്യൂ ഹാൾ, വേരിഫിക്കേഷൻ ഹാൾ, പരീക്ഷകൾക്കുതകും വിധത്തിലുള്ള വിവിധോദ്ദേശ്യ ഹാൾ, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായുള്ള ക്രമീകരണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി പി.എസ്.സി കെട്ടിടം നിർമ്മിച്ച് പ്രവർത്തനമാരംഭിക്കുന്നത് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്രദമാകും. 1984 പകുതിയോടെ കട്ടപ്പന ആസ്ഥാനമായി ആരംഭിച്ച ജില്ലാ പി.എസ്.സി ഓഫീസ് പല കെട്ടിടങ്ങളിലായാണ് പ്രവർത്തിച്ചു വന്നിരുന്നത്. 2003 സെപ്തം. മുതൽ കട്ടപ്പന ടൗണിലുള്ള ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ അഞ്ചാം നിലയിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിന് ഏകദേശം 90,000 രൂപ വാടകയിനത്തിൽ പ്രതിമാസം വേണ്ടിവരുന്നുണ്ട്. സ്വന്തമായി ലഭിച്ച സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതോടെ ഈ ബാധ്യത ഒഴിവാക്കാനാകും. ജില്ലാ ആഫീസർ ഷെറീദ ബീഗം ഐ.ആർ റിപ്പോർട്ടവതരിപ്പിച്ചു. പി എസ് സി അംഗം പി.കെ.വിജയകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ രാജമ്മ രാജൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപുരയിടം, പി.എസ്.സി സെക്രട്ടറി സാജു ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് പി.എസ്.സി ചെയർമാനും അംഗങ്ങളും ഉദ്യോഗസ്ഥരും പി.എസ്.സിക്ക് വിട്ടുകിട്ടിയ സ്ഥലം സന്ദർശിച്ചു.