തൊടുപുഴ: ബൈക്കിൽ മൊബൈലിൽ സംസാരിച്ച് ചീറിപായുന്നവർ സൂക്ഷിച്ചോ, നിങ്ങളെ കാത്തൊരു 'മൂന്നാം കണ്ണ്" തുറന്നിരിപ്പുണ്ട്. ഗതാഗത നിയമലംഘനം പിടികൂടുന്നതിനായി തൊടുപുഴ സബ് ആര്‍.ടി ഓഫിസിന്റെ മൂന്നാം കണ്ണ് പ്രവര്‍ത്തനം ആരംഭിച്ചു. കാമറ ഉപയോഗിച്ചുള്ള പരിശോധനയും ഷാഡോ പരിശോധനയുമടങ്ങുന്ന പദ്ധതിയാണ് മൂന്നാംകണ്ണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി ഇത്തരം ഗതാഗത ലംഘനങ്ങള്‍ കണ്ട് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കും. ലൈസന്‍സ് ഇല്ലാതെ വിദ്യാര്‍ഥികള്‍ വാഹനം ഓടിച്ചാല്‍ പിഴ അടപ്പിക്കുന്നതിനു പുറമേ രക്ഷകര്‍ത്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും. മൂന്നാംകണ്ണിന്റെ ഭാഗമായി ഒരു വാഹനം പിടികൂടി മുട്ടം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി ജോയിന്റ് ആര്‍.ടി.ഒ എം. ശങ്കരന്‍ പോറ്റി അറിയിച്ചു.