തൊടുപുഴ: നേര്യമംഗലം ടൗണിൽ റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ തണൽ മരം വഴിയാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ കാൽ നൂറ്റാണ്ടായി നിൽക്കുന്ന മരമാണ് എത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിൽ നിൽക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന മരത്തിന്റെ അടിഭാഗം ദ്രവിച്ച് ജീർണാവസഥയിലാണ്. ഒരു വശം ചാഞ്ഞ് സംരക്ഷണമൊന്നുമില്ലാതെയാണ് മരം നിൽക്കുന്നത്. തൊട്ടടുത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കാൽ നടക്കാർ എപ്പോഴും സഞ്ചരിക്കുന്ന പ്രദേശമാണിത്. കടകളും മരവും തമ്മിൽ അര മീറ്റർ പോലും ദൂരമില്ല. തറനിരപ്പോട് ചേർന്ന് കാതൽ പോയി പൊത്തായി മാറി. ശിഖരങ്ങളില്ലാത്ത മരത്തിന്റെ ചുവട്ടിൽ ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. വാഹനങ്ങൾ ഇവിടെ നിറുത്തി കടയിൽ സാധനങ്ങൾ വാങ്ങുന്ന വരുമുണ്ട്. ഇത് മുറിച്ചു നീക്കി അപകട ഭീതി ഒഴിവാക്കണമെന്നാവശ്യം ശക്തമാണ്. നാല് വർഷം മുമ്പ് കുത്തുകുഴിയിൽ സ്കൂൾ ബസിന് മുകളിൽ റോഡരികിൽ നിന്നിരുന്ന മരം മറിഞ്ഞു വീണ് സ്കൂൾ കുട്ടികൾ മരിച്ചതിനെ തുടർന്ന് പലയിടത്തും വഴിയോരങ്ങളിലെ മരങ്ങൾ വെട്ടി മാറ്റിയിരുന്നു.

ബൈപ്പാസ് റോഡിലും വൻമരം ഭീതിയിൽ

പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പിന്നിൽ ജില്ലാ കൃഷി ഫാമിനോട് ചേർന്ന് ബൈപ്പാസ് റോഡിൽ നിക്കുന്ന വാക മരവും ഭീഷണി ഉയർത്തുന്നുണ്ട്. അപകട ഭീതി വിതയ്ക്കുന്ന മരം വെട്ടി മാറ്റണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. കാറ്റ് ആഞ്ഞ് വീശിയാൽ നിലം പതിക്കും. റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അധികൃതർ പരിശോധന നടത്തി മരം വെട്ടി മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.

മരം വെട്ടിമാറ്റണം മർച്ചന്റ് അസോസിയേഷൻ

''ടൗണിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി മാറ്റണം. വ്യാപാരികളുടെയും കാൽ നടക്കാരുടെയും ആശങ്ക ഒഴിവാക്കാൻ എത്രം വേഗം ഇത് വെട്ടി നീക്കണം. വ്യാപാരികളുമായി ചേർന്ന് നേരത്തെ വഴിയോരങ്ങളിലെ ഭീഷണി ഉയർത്തിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കിയിരുന്നു. മരങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാണ്"".

-പി.എൻ. അശോകൻ (മർച്ചന്റ് അസോസിയേഷൻ നേര്യമംഗലം യൂണിറ്റ് സെക്രട്ടറി)