road
കട്ടപ്പന സ്‌കൂൾകവലയ്ക്ക് സമീപം റോഡിലെ കുഴികൾ അടയ്ക്കുന്നു

കട്ടപ്പന: ഹൈറേഞ്ചിലെ പ്രധാന റോഡുകൾ എല്ലാം തന്നെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിരവധി തവണ പ്രതിഷേധങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് കട്ടപ്പനക്കാർക്ക് ശബരിമല അയ്യപ്പനും ഗവർണറും ശാപമോക്ഷമേകിയത്. മണ്ഡലകാലവും ഗവർണറുടെ സന്ദർശനവും കണക്കിലെടുത്ത് കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി രംഗത്തെത്തി. ഇതോടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമായിരിക്കുന്നത്.

പോക്കറ്റ് റോഡുകൾ മുതൽ ദേശീയപാതവരെ യാതൊരു വ്യത്യാസവുമില്ലാതെ തകർന്നിരുന്നു. ഹൈറേഞ്ചിലെ കുടിയേറ്റകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇവിടത്തെ റോഡുകൾ. നടുവൊടിയാതെ യാത്രചെയ്യണമെങ്കിൽ കാൽനട മാത്രമാണ് പോംവഴി. ഏതായാലും ഇപ്പോൾ താത്കാലികമായെങ്കിലും റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കിയതിന് അയ്യപ്പനോടും ഗവർണറോടും നന്ദി പറയുകയാണ് പ്രദേശവാസികൾ. എന്നാൽ പേരിനുള്ള ഈ കുഴിയടക്കൽ ശാശ്വതമല്ലെന്നും തകർന്ന റോഡുകൾ പുനർ നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഒരു വിഭാഗം പറയുന്നു.

ആദ്യഘട്ടം: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ കട്ടപ്പന മുതൽ സ്വരാജ് വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടയ്ക്കുന്നു. 10 കിലോമീറ്റർ ദൂരമുള്ള റോഡിലെ കുഴികൾ അടക്കാൻ 20 ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

രണ്ടാംഘട്ടം: ചപ്പാത്ത് മുതൽ ഏലപ്പാറ വരെയുള്ള റോഡുകളിലെ കുഴിയുമാണ് അടയ്ക്കും. പൂർണമായും തകർന്നു കിടക്കുന്ന പാറക്കടവ് മുതൽ പുളിയൻമല വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 10ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ പണികൾ ഇനിയും തുടങ്ങാനായിട്ടില്ല.