uppukunnu
വാഹന ഗതാഗതം സാധ്യമാകാത്തതിനെ തുടർന്ന് ഉപ്പ് കുന്നിൽ നിന്നും വില്ലും തണ്ടിലേക്ക് തല ചുമടായി സാധനങ്ങളുമായി പോകുന്ന ഗ്രാമ വാസികൾ

ചെറുതോണി: ഇന്നത്തെ കാലത്ത് ഒരു സാധാരണ മനുഷ്യന് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളാണ് കുടിവെള്ളം, വൈദ്യുതി, റോഡ്, നല്ല ആശുപത്രി എന്നിവ. എന്നാൽ ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഉപ്പുകുന്നുകാർക്ക് ഇതെല്ലാം അന്യമാണ്. ഇടുക്കി, തൊടുപുഴ നിയോജക മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന ഉപ്പുകുന്ന് ഉടുമ്പന്നൂർ പഞ്ചായത്തിലാണ്. കൊച്ചിയുടെ ഉപനഗരമായി വളർന്നുകൊണ്ടിരിക്കുന്ന തൊടുപുഴ നഗരത്തിൽ നിന്നും ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ നിന്നും 30 കിലോ മീറ്ററിൽ താഴെ മാത്രം ദൂരെയാണ് ഉപ്പുകുന്ന്. എന്നിട്ടും സമീപനഗരങ്ങൾ വികസിക്കുമ്പോഴും ഉപ്പുകുന്ന് ഇപ്പോഴും അടിസ്ഥാന സൗകര്യകൾ പോലും ലഭിക്കാതെ അവഗണനയിലാണ്. പതിറ്റാണ്ടുകളായുള്ള ഇവിടത്തുക്കാരുടെ ആവശ്യമാണ് ഗതാഗത യോഗ്യമായ ഒരു റോഡ്. ഇതുവരെ ഉപ്പുകുന്ന്, കള്ളിക്കൽ ഊര്, വില്ലുംതണ്ട് മേഖലകളിലേക്ക് യാത്രാ യോഗ്യമായ ഒരു റോഡ് പോലും നിർമ്മിക്കാൻ മാറി മാറി വന്ന സർക്കാരുകളോ ത്രിതല പഞ്ചായത്തുകളോ സാധിച്ചില്ല. പട്ടിക വർഗ ക്ഷേമത്തിനായി സ്ഥാപിച്ച ഐ.ടി.ഡി.പിയും ഈ ഗോത്ര വിഭാഗങ്ങളെ സഹായിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും ഇല്ല. ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കിലോ മീറ്ററുകൾ എടുത്തു കൊണ്ട് പോണം ആശുപത്രിയിലെത്തിക്കാൻ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാരും ത്രിതല പഞ്ചായത്തുകളും വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.

വൈദ്യുതിയോ... അതെന്താ...?

കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാണെന്ന് അഭിമാനം കൊള്ളുമ്പോൾ ഉപ്പുകുന്ന് നിവാസികൾ പുച്ഛിച്ച് ചിരിക്കും. ഇവിടെ ഭൂരിഭാഗം മേഖലയിലും ഇന്നും വൈദ്യുതി വെളിച്ചമെത്തിയിട്ടില്ല. വൈദ്യുതി ലഭിച്ചിടങ്ങളിലാണെങ്കിൽ വെളിച്ചം വിരുന്നുകാരനാണ്. സ്ഥിരമായി വൈദ്യുതി ലഭിക്കാത്തതിനാൽ പ്രദേശത്തെ മൊബൈൽ ടവറുകളും പലപ്പോഴും നിശ്ചലമാകും. ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള നെറ്റ് വർക്കുകൾ മിക്കപ്പോഴും പരിധിക്ക് പുറത്താവും.