കട്ടപ്പന ശാന്തിതീരം പൊതുശ്മശാനത്തിൽ സാമൂഹ്യവിരുദ്ധ വിളയാട്ടം
കട്ടപ്പന: നഗരസഭയുടെ കീഴിൽ ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ശാന്തി തീരം പൊതുശ്മശാനം സാമൂഹിക വിരുദ്ധരുടെ ഇടത്താവളമാകുന്നു. 2013 ഒക്ടോബർ രണ്ടിനാണ് ശാന്തി തീരം ശ്മശാനത്തിന്റെ പ്രവർത്തനം ആധുനിക രീതിയിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ശ്മശാനമായിരുന്നു. പിന്നീട് അധികൃതരുടെ ശ്രദ്ധ കുറഞ്ഞതോടെ പ്രവർത്തനം അവതാളത്തിലായി. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതാണ് രാത്രകാലങ്ങളിൽ മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാക്കി ശ്മശാനത്തെ മാറ്റുന്നത്. ഗെയിറ്റ് പൂട്ടാറില്ലാത്തതും ഇവരുടെ സ്വൈര്യ വിഹാരത്തിന് സഹായകരമാണ്. പുകകുഴൽ തകരാറിലായതിനാൽ മാസങ്ങളായി മൃതദേഹങ്ങൾ കുഴിച്ചിടുകയാണ്. പ്രദേശമാകെ കാടുപടലങ്ങൾ വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശ്മശാനത്തിന്റെ എർത്ത് കമ്പികൾ ഒടിഞ്ഞ് പ്രവർത്തനം തടസപെട്ടിരിക്കുകയാണ്. രാത്രികാലങ്ങളിൽ ദുരൂഹമായ സാഹചര്യത്തിൽ വാഹനങ്ങൾ വന്നുപോകുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ഇവിടെ മൃതദേഹം സംസ്‌കരിച്ചതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വാർഡ് പ്രതിനിധികളായ റജികൊട്ടക്കാട്ടും, സണ്ണി കോലോത്തും ശ്മശാനത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. തുടർന്ന് 10ലക്ഷം രൂപ ചുറ്റുമതിൽ നിർമ്മാണത്തിനായി നീക്കി വെച്ചതായി ചെയർമാൻ അറിയിച്ചു. ശാന്തിയുടെ തീരമായി നഗരസഭയുടെ പൊതുശ്മശാനം മാറണമെങ്കിൽ മതിൽ മാത്രം പോരാ അധികൃതരുടെ അടിയന്തിര ശ്രദ്ധ കൂടി പതിയണമെന്ന് നാട്ടുകാർ പറയുന്നു.