അടിമാലി: നല്ല നാടൻ കപ്പ ചെണ്ടൻ പുഴുങ്ങിയതും കാന്താരി മുളകും, ഹൊ.. ഇടുക്കിയുടെ ഈ 'സൂപ്പർ കോമ്പോയെ" വെല്ലാൻ ഒരു ഐറ്റവും ഇന്ന് ഈ ഭൂലോകത്തില്ല. പക്ഷേ ഇപ്പോ ഇടുക്കിക്കാർക്ക് പോലും നാടൻ കപ്പ കാണാൻ കിട്ടുന്നില്ല. മുൻകാലങ്ങളിൽ ആവശ്യത്തിലധികം കപ്പ ഉത്പാദിപ്പിച്ചിരുന്ന നാടായിരുന്നു ഹൈറേഞ്ച്. എന്നാൽ ഇപ്പോൾ ആവശ്യാനുസരണം കപ്പ ഇവിടത്തെ കടകളിൽ വിൽപ്പനക്കെത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ നല്ല വിലയുമുണ്ട്. വിലയുണ്ടായിട്ടും വിൽക്കാൻ കപ്പ ഇല്ലാത്തതിന്റെ നിരാശയിലാണ് ഓരോ കപ്പ കർഷകനും. വിലയുള്ളപ്പോൾ കപ്പയും കപ്പയുള്ളപ്പോൾ വിലയുമില്ലാത്തതാണ് തങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെന്നാണ് കർഷകരുടെ ഭാഷ്യം. മുൻ വർഷങ്ങളിൽ ഉണ്ടായ വിലയിടിവ് മൂലം കപ്പ കർഷകർ ഇത്തവണ കൃഷിയിൽ നിന്ന് പിന്നാക്കം പോയിരുന്നു. ഉണ്ടായിരുന്ന കപ്പ കൃഷി പ്രളയത്തിൽ നശിക്കുക കൂടി ചെയ്തതോടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഹോട്ടലുകളിലും ബാറുകളിലും അടക്കം കപ്പ ഇഷ്ട വിഭവമായി മാറിയിട്ടുണ്ട്. പുറമെ നിന്ന് വരുന്ന കപ്പയാണ് ഇവിടങ്ങളിൽ വിറ്റഴിക്കുന്നതെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിൽ ഹൈറേഞ്ചിൽ സുലഭമായി ലഭിച്ചിരുന്ന വാട്ട് കപ്പയും ഇപ്പോൾ പഴയപോലെ കിട്ടാനില്ല. ഇത് കപ്പ കൃഷിയിൽ നിന്ന് കർഷകർ പിന്നാക്കം പോകുന്നതിന്റെ തെളിവാണെന്ന് വേണം കരുതാൻ. കപ്പയുള്ളപ്പോൾ മെച്ചപ്പെട്ട വില ലഭിച്ചാൽ മാത്രമേ കൃഷിയുമായി മുമ്പോട്ട് പോകാനാകൂവെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.
കപ്പയുടെ വിപണി വില- 40 മുതൽ 45 രൂപ വരെ
കർഷകർക്ക് നൽകുന്ന വില- 20 മുതൽ 25 രൂപ