hh
കാന്തിപ്പാറയിൽ കാണപ്പെട്ട മാന്റിൽ കൂൺ.

രാജാക്കാട്: സേനാപതി കാന്തിപ്പാറയിൽ കാഴ്ച്ചയ്ക്ക് കൗതുകമായി അപൂർവ്വ ഇനത്തിൽപ്പെട്ട 'മാന്റിൽ കൂൺ'. സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന് സമീപമുള്ള പുരയിടത്തലാണ് ''ബാംബൂ ഫംഗസ്' എന്നും പേരുള്ള കൂൺ കാണപ്പെട്ടത്. അഞ്ച് ഇഞ്ചോളം വ്യാസത്തിൽ ഗ്യാസ് ലൈറ്റിന്റെയും മറ്റും മാന്റിലിനോട് സാദൃശ്യമുള്ള വെളുത്ത നിറത്തിലുള്ള മനോഹരമായ വലയമാണ് എല്ലാവരെയും ആകർഷിക്കുന്നത്. നിലത്ത് ദ്രവിച്ച് കിടന്ന തടിയിൽ നിന്ന് മുളച്ചുപൊന്തിയ കൂണിന് ആറിഞ്ചോളം ഉയരമുണ്ട്. തണ്ടിന്റെ മുകൾഭാഗം ബ്രൗൺ നിറത്തിലുള്ള കുടുമി ആയി രൂപപ്പെട്ടിരിക്കുന്നു. ഇതിനു താഴെയായി തണ്ടിനെ ചുറ്റി ചുവട് വരെ നീണ്ടുകിടക്കുന്ന പാവാട പോലുള്ള വലയവുമുണ്ട്. മുളച്ച് ഏതാനും മണിക്കൂറുകൾ മാത്രമാണു ഈ ഇനം കൂണിന്റെ ആയുസ്. 'ഫാലസ് ഇൻഡസ്യാറ്റസ്' എന്ന ശാസ്ത്രീയ നാമമുള്ള ഇവ ഭക്ഷ്യയോഗ്യമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചൈനക്കാർ ആഹാരമായി ഉപയോഗിക്കാറുണ്ട്.