മറയൂർ: കാന്തല്ലൂർ, കീഴാന്തൂർ, കോവിൽക്കടവ് നിവാസികളുടെ കാർഷിക സ്വപ്നങ്ങൾക്ക് നിറം പകർന്ന പട്ടിശേരി അണക്കെട്ട് മൂന്നു വർഷം പിന്നിടുമ്പോഴും യാഥാർത്ഥ്യമാകുന്നില്ല. 2014 ജനുവരി മൂന്നിന് തറക്കല്ലിട്ട നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതെങ്കിലും നാളിതുവരെ അസ്ഥിവാരം പോലും പൂർത്തിയായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കുമെന്ന് ജലസേചന വകുപ്പും ഉറപ്പ് നൽകിയതാണ്. തുടക്കത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാൽ പട്ടിശേരിഡാം കാവേരി നദീജല കരാറിന്റെ ലംഘനമാണെന്നാരോപിച്ച് തമിഴ്‌നാട് രംഗത്തെത്തിയതോടെ അവിടെനിന്ന് മെറ്റലും കല്ലും കൊണ്ടുവരുന്നത് ചില സംഘടനകൾ തടഞ്ഞതാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് അധികൃതരുടെ ന്യായീകരണം. എന്നാൽ കല്ലും മിറ്റിലും കിട്ടാതായപ്പോൾ പദ്ധതി പ്രദേശത്ത് സ്വന്തമായി ക്രഷർ യൂണിറ്റ് സ്ഥാപിച്ച് മെറ്റൽ നിർമ്മാണം ആരംഭിച്ചിരുന്നു. ക്രഷറിലേയ്ക്ക് ആവശ്യമായ കല്ല് സമീപത്തു നിന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കാന്തല്ലൂർ പഞ്ചായത്തും ചെയ്തുകൊടുത്തു. എന്നിട്ടും പദ്ധതി ഇഴയുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ട്. ശീതകാല പച്ചക്കറിയുടെ ഈറ്റില്ലമായ കാന്തല്ലൂർ മേഖലയിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി ജലസേചന സൗകര്യമില്ലാതെ തരിശാകുന്നത് നാടിനും തീരാനഷ്ടമാണ്.
26 കോടിയുടെ പദ്ധതി
സംസ്ഥാന ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അണക്കെട്ട് നിർമ്മിക്കുന്നത്. ഇതിന് ബഡ്ജറ്റിൽ 26 കോടി രൂപയും വകയിരുത്തിയിരുന്നു. മുമ്പ് ഇവിടെയുണ്ടായിരുന്ന ചെറിയ തടയണ പൊളിച്ചുകളഞ്ഞിട്ടാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. 23 മീറ്റർ ഉയരവും 136 മീറ്റർ നീളവുമാണ് നിർദ്ദിഷ്ട അണക്കെട്ടിന് വിഭാവന ചെയ്തിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ കീഴാന്തുർ ടോപ്പ് മുതൽ കോവിൽകടവ് വരെയുള്ള 1000 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനസൗകര്യം സാധ്യമാകും.