രാജാക്കാട്:ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ബൈക്കിലെത്തിയ യുവാവ് ഓട്ടോ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിച്ചു. കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മൂലക്കട കളപ്പുരയിൽ ജായസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ അടിമാലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഇരുപതേക്കർ നെല്ലിക്കാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനൊപ്പം ബൈക്കിൽ കുഞ്ചിത്തണ്ണി ടൗണിലെത്തിയ ഇയാൾ ഓട്ടോ സ്റ്റാൻഡിലെത്തി കൈയിൽ കരുതിയിരുന്ന മുളകുപൊടി ഡ്രൈവർക്കുനേരെ എറിഞ്ഞു. തുടർന്ന് ജായസിനെ മർദിച്ചതിനുശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റു ഡ്രൈവർമാർ ഇയാളെ പിടികൂടി വിവരം പൊലീസിലറിയിച്ചു. ഇതിനിടെ മർദനം നടത്തിയ ആളുടെ വീട്ടുകാരും സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവർമാരുമായി വീണ്ടും സംഘർഷമായി.