ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ ഏക സി.പി.ഐ അംഗമായ ഫെബിൻ രാജു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയുടെ എ.ഐ.വൈ.എഫ് ഭാരവാഹിയാണ് ഫെബിൻ. സി.പി.ഐ ടിക്കറ്റിൽ വാത്തിക്കുടി വാർഡിൽ നിന്ന് വിജയിച്ച ഫെബിൻ പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവയ്ക്കുമെന്ന് പറയപ്പെടുന്നു. പാർട്ടിയിൽ തുടരുന്നതിനുള്ള അതൃപ്തി രാജു ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി പ്രശ്‌നം ചർച്ചചെയ്യും. 18 വാർഡുള്ള വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 9 വീതം സീറ്റുകളാണ് ഉള്ളത്. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. ഭരണസമിതിയിലെ ഒരംഗത്തിനെതിരെ ആരോപണം ഉയർന്നതിനെതുടർന്ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ഇതിനെ അതിജീവിച്ചപ്പോഴാണ് ഭരണമുന്നണിക്ക് തലവേദനയായി പുതിയ പ്രശ്‌നം.