kk
ഹോസ്‌പ്പിറ്റലിൽ എത്തിയ രോഗികളുടെ തിരക്ക്

കട്ടപ്പന: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ കട്ടപ്പന താലൂക്ക് ആശുപത്രി ഇപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ അവസ്ഥയിലാണ്. നൂറുകണക്കിന് രോഗികൾ ദിനം പ്രതി എത്തുന്ന താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. 2015 ഫെബ്രുവരി 28നാണ് കട്ടപ്പന പട്ടണത്തിന് തിലകക്കുറിയായി മാറുമെന്ന പ്രഖ്യാപനത്തോടെ കട്ടപ്പന സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഈ ആതുരാലയം നാടിന് സമർപ്പിച്ചത്. ആരംഭത്തിൽ ഡോക്ടർമാരുടെ സേവനം ഇല്ലാതെ വന്നപ്പോൾ നിരന്തരമായ മാധ്യമ വാർത്തകളെ തുടർന്ന് പ്രശ്നം പരിഹരിച്ചിരുന്നു. താലൂക്ക് ആശുപത്രിയായി ഉയർന്നതോടെ ആശുപത്രിയിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനയുണ്ടായി. എന്നാൽ അതിനൊത്ത സൗകര്യങ്ങളൊന്നും ഇപ്പോഴുമില്ല. കട്ടപ്പന പോലുള്ള മലയോര പ്രദേശത്ത് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇന്നും അന്യമാണ്. താലൂക്ക് ആശുപത്രി ഇതിനൊരളവ് വരെ പരിഹാരം കാണുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് അധികൃതരുടെ മനപൂർവമായ അവഗണനയാൽ ഇല്ലാതാകുന്നത്.

നിരവധി പ്രശ്നങ്ങൾ

 ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവർ നിലവിൽ ഉപയോഗിക്കുന്നത് കിടപ്പ് രോഗികൾക്കുള്ള ശുചിമുറികളാണ്. ആശുപത്രി പരിസരത്തെ ശുചിമുറികൾ കാടുകയറി നശിച്ച നിലയിലാണ്.

 ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാത്തതുമൂലം ചികിത്സ തേടിയെത്തുന്നവർ വരാന്തയിൽ ഇരിക്കേണ്ട അവസ്ഥയാണ്.

 രോഗികളെ എത്തിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ റോഡ് സൈഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് പ്രദേശത്ത് ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു.

പാതിവഴിയിൽ കളഞ്ഞത് 2 കോടി

മാസങ്ങൾക്ക് മുമ്പ് വൻ ആഘോഷത്തോടെ ആരംഭിച്ച ആധുനിക മോർച്ചറിയും ഡയാലിസിസ് യൂണിറ്റും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. രണ്ട് കോടി രൂപ മുതൽമുടക്കിയാണ് ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇതും പാതിവഴിയിൽ ഉപേക്ഷിച്ചു.