രാജാക്കാട്: നെടുങ്കണ്ടം ബ്ലോക്കിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി നടത്തുന്ന രാജാക്കാട് പഞ്ചായത്തിലെ കർഷകർക്ക് സബ്സിഡിയടക്കമുള്ള സഹായങ്ങളുമായി കൃഷിവകുപ്പ്. പ്രളയത്തിന് ശേഷം ആരംഭിച്ച ഏത്തവാഴ കൃഷിയ്ക്കാണ് സബ്സിഡി നൽകുന്നത്. ഹൈറേഞ്ചിൽ വ്യാപകമായി ചെയ്തുവരുന്ന തന്നാണ്ട് കൃഷിയാണ് എത്തവാഴ. എന്നാൽ ഓണക്കാലത്തെ മുന്നിൽ കണ്ട് ഇറക്കിയ കൃഷി പൂർണമായും പ്രളയത്തിൽ നശിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിൽ കർഷകരെ സഹായിക്കുന്നതിനായാണ് സഹായം നൽകുന്നത്. ഒരു ഹെക്ടർ സ്ഥലത്ത് ഏത്തവാഴ പുനഃകൃഷി നടത്തുന്നതിന് സഹായധനമായി 26,500 രൂപ നൽകും. ഏത്തവാഴ കൃഷി വ്യാപന പദ്ധതിയിൾ ഉൾപ്പെടുത്തിയാണ് ധനസഹായം നൽകുന്നത്. കൃഷിവകുപ്പ് സഹായ വാഗ്ദാനം പ്രഖ്യാപിച്ചതോടെ പഞ്ചായത്തിലെ നിരവധികർഷകർ ഏത്തവാഴ കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. 300ഹെക്ടർ സ്ഥലത്ത് നാനൂറോളം കർഷകരാണ് പുതുതായി കൃഷി ആരംഭിച്ചിരിക്കുന്നത്.