കട്ടപ്പന: കട്ടപ്പന സപ്ലൈകോ സൂപ്പർ മാർക്കറ്റ്, കൂടുതൽ സൗകര്യങ്ങളോടെ പീപ്പിൾസ് ബസാറായി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി. തിലോത്തമൻ നിർവ്വഹിക്കും. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന പുതിയ ബസ് സാന്റിന് എതിർവശത്ത് പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള കെട്ടിടത്തിൽ ആറ് ഷട്ടറുകളിലായാണ് പീപ്പിൾസ് ബസാർ ആരംഭിക്കുന്നത്. കട്ടപ്പന ഗുരുമന്ദിരം റോഡിനു സമീപമുള്ള കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് കഴിഞ്ഞ ഏഴുവർഷങ്ങളായി സപ്ലൈകോ പ്രവർത്തിച്ചു വരുന്നത്. രണ്ട് ബില്ലിംഗ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. കട്ടപ്പനയ്ക്കു പുറമെ സമീപ പ്രദേശങ്ങളായ കാഞ്ചിയാർ, ഇരട്ടയാർ, പുളിയൻമല, ആനവിലാസം തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ സാധനങ്ങൾ വാങ്ങാൻ ഇവിടെയെത്തുന്നുണ്ട്. ഉത്സവ വിപണി ആരംഭിക്കുമ്പോൾ വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ നീണ്ടനിര പ്രധാന റോഡു വരെ എത്തുകയും ഇത് പലപ്പോഴും ഗതാഗതകുരുക്കിനിടയാക്കുകയും ചെയ്തിരുന്നു. സപ്ലൈകോ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും. പുതിയ കെട്ടിടത്തിലെ പീപ്പിൾസ് ബസാറിൽ നാല് ബില്ലിംഗ് കൗണ്ടറുകൾ പ്രവർത്തിക്കും.