തൊടുപുഴ: അച്ഛന്റെ വേർപാടിന്റെ വേദന ഉള്ളിലൊതുക്കി ഏറെ സങ്കടത്തോടെ മെറീന പരീക്ഷ ഹാളിലെത്തി. മെറിനയുടെ അച്ഛനായ വിലങ്ങുപാറയിൽ വി.എം. മത്തായി (68) വ്യാഴാഴ്ച വൈകിട്ടോടെയാണ് അർബുദബാധയെ തുടർന്ന് മരിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചരിത്രവിഭാഗം അവസാന വർഷ വിദ്യാർഥിനിയായ മെറീന അവസാന പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനിടെയായിരുന്നു പിതാവിന്റെ വേർപാട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇഞ്ചയാനി സെന്റ് മാർത്തിയാസ് സി.എസ്.ഐ പള്ളിയിലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. അച്ഛന്റെ വിയോഗം അവളെ മാനസികമായി തകർത്തിരുന്നു. മരണവാർത്തയറിഞ്ഞെത്തിയ സഹപാഠികളും അദ്ധ്യാപകരും നിർബന്ധിച്ചതോടെ അവൾ പരീക്ഷ എഴുതാൻ എത്തുകയായിരുന്നു. ആറു വർഷംമുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മാതാവ് മരണപ്പെട്ടതോടെ അച്ഛനായിരുന്നു മെറീനയുടെ ലോകം. മൂന്നാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അർബുദ രോഗം മൂർച്ഛിച്ച വിവരം മെറീനയും മത്തായിയും അറിയുന്നത്. ചികിത്സകൾ കൊണ്ട് പ്രയോജനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ അച്ഛനെ പരിചരിക്കുന്നതിനൊപ്പമാണ് മെറീന പഠനം കൊണ്ടുപോയിരുന്നത്.