പുറപ്പുഴ: കരിങ്കുന്നം പഞ്ചായത്തിലെ മാലിന്യം പുറപ്പുഴ പഞ്ചായത്തിലെ കഠാരക്കുഴിയിൽ സ്വകാര്യ സ്ഥലത്ത് കൊണ്ടുവന്ന് നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. കരിങ്കുന്നത്തെ ഹൈസ്കൂളിന് സമീപത്ത് നിന്ന് പഴകിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒരാഴ്ച മുമ്പാണ് ടിപ്പർ ലോറികളിൽ കയറ്റി ആറാം വാർഡായ കഠാരക്കുഴിയിലെത്തിച്ച് സ്വകാര്യ പുരയിടത്തിലേക്കുള്ള റോഡ് ഉയർത്തിയത്. മുകളിൽ മണ്ണ് വിരിച്ച് റോഡ് നിരപ്പാക്കുകയായിരുന്നു. തൊട്ടടുത്തായി അംഗൻവാടിയും നിരവധി കിണറുകളും തോടും ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇവിടെ നിന്ന് മാലിന്യം അഴുക്ക് വെള്ളത്തിനൊപ്പം കഠാരക്കുഴി- മാറിക തോട്ടിലേക്ക് ഒഴുകിയെത്തുമോയെന്നതാണ് നാട്ടുകാരുടെ ആശങ്ക. കരിങ്കുന്നം പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാലിന്യം തള്ളിയതിനെതിരെ പുറപ്പുഴ പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. കരിങ്കുന്നം പഞ്ചായത്തിന് പുറപ്പുഴ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയും ജില്ലാ കളക്ടർക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നാട്ടുകാർ ജനവാസ കേന്ദ്രത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി രൂപീകരിച്ച് രംഗത്തിറങ്ങുന്നത്.
മാലിന്യത്തിന് 30 വർഷം പഴക്കം
കരിങ്കുന്നത്തു നിന്ന് പുറപ്പുഴയിലേക്ക് കൊണ്ടുവന്ന് നിക്ഷേപിച്ചത് 30 വർഷത്തോളം പഴക്കമുള്ള മാലിന്യമാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇത് കരിങ്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമായിരുന്നു. കരിങ്കുന്നത്ത് വർഷങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ വ്യാപകമാകാനും ഇടയാക്കിയിരുന്നു.
മാലിന്യം നീക്കം ചെയ്യണം: ആക്ഷൻ കൗൺസിൽ
കഠാരക്കുഴിയിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പട്ടു. ഇപ്പോൾ മാലിന്യത്തിന് മുകളിൽ മണ്ണിട്ട് റോഡാക്കി മാറ്റിയിരിക്കുകയാണെന്ന് പഞ്ചായത്ത് മെമ്പറും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയുമായ കെ.കെ. ബാലകൃഷ്ണപിള്ള, കൺവീനർ എം.എ. സോമനാഥപിള്ള എന്നിവർ പറഞ്ഞു.
13ന് വിശദീകരണയോഗം
ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 13ന് വൈകിട്ട് അഞ്ചിന് പുറപ്പുഴ കവലയിൽ വിശദീകരണ യോഗം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ. ബാലകൃഷ്ണപിള്ള (രക്ഷാധികാരി), പഞ്ചായത്ത് അംഗം സുജസലി (ചെയർമാൻ), ജോസ് ജോസഫ്, എൻ.പി. വിൻസെന്റ് , കെ.ബി. സദാശിവൻ പിള്ള (വൈസ് ചെയർമാന്മാർ), എം.എ. സോമനാഥപിള്ള (കൺവീനർ), പി.എൻ. ബിജു, ശിവൻപിള്ള, രമേശൻ പിള്ള, ലാലു കെ. രാമൻ (ട്രഷറർ) എന്നിവർ അടക്കം 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും ഉൾപ്പെടുന്നതാണ് ആക്ഷൻകൗൺസിൽ.