തൊടുപുഴ: ഭിന്നശേഷിക്കാരുടെ വാർഡുസഭ ചേർന്ന് മാനവികതയുടെ പുതുചുവടുവച്ച് തൊടുപുഴ നഗരസഭ. ഇന്നലെ മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും വിപുലമായ വാർഡ്സഭ ചേർന്ന് നഗരസഭ വ്യത്യസ്തമായത്. നഗരസഭയുടെ 2019- 20 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി 35 വാർഡുകളിലും യോഗം ചേരുന്നതിന് മുമ്പായാണ് ഈ പ്രത്യേക സഭ കൂടിയത്. പതിവ് വാർഡുസഭകളിൽ നിന്ന് വ്യത്യസ്തമായി പങ്കെടുത്തവരെല്ലാം തങ്ങളുടെ യാതനകളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്തു. പകൽവീട്, ഫീഡിംഗ് സെന്ററുകൾ, ബഡ്സ് സ്‌കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ, തുടങ്ങിയ നിരവധി മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണ് തൊടുപുഴ നഗരസഭ നടത്തുന്നത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഹരി അധ്യക്ഷത വഹിച്ചയോഗത്തിൽ ചെയർപേഴ്സൺ മിനി മധു വാർഡുസഭ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ. ജെസി ആന്റണി, നഗരസഭ പ്ലാനിംഗ് കമ്മിറ്റി വൈസ്‌ ചെയർമാൻ പ്രൊഫ. ജോജോ ജോസഫ്, പ്രൊഫ. ജോസ് അഗസ്റ്റിൻ, എസ്.എം. ഷെറീഫ് എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സുധർമ്മണിയമ്മ സ്വാഗതവും പ്ലാനിംഗ് കമ്മിറ്റിയംഗം സണ്ണി തെക്കേക്കര നന്ദിയും പറഞ്ഞു.