അടിമാലി: ഒരു കാലത്ത് ഹൈറേഞ്ചിൽ സജീവമായിരുന്ന മഞ്ഞൾ കൃഷി ഇപ്പോൾ പഞ്ഞകാലമാണ്. കൃഷിക്കായി കൂടുതൽ സമയവും സ്ഥലവും ചിലവഴിച്ചിട്ടും കർഷകർക്ക് കാര്യമായ വരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് വരെ ജില്ലയിലെ മിക്ക കർഷകരുടെയും പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്നു മഞ്ഞൾ കൃഷി. എന്നാൽ പലവിധ കാരണങ്ങൾക്കൊണ്ട് ഇന്ന് മഞ്ഞൾ കൃഷി ഹൈറേഞ്ചിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞു. കൃഷിയിറക്കി വിൽപ്പനക്കെത്തിക്കുന്നിടം വരെ വളരെയധികം നീണ്ട സംസ്‌കരണ പ്രകിയ ആവശ്യമാണ്. എന്നാൽ ഈ അദ്ധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നില്ല. ഡിസംബർ ജനുവരി മാസങ്ങളിലാണ് സാധാരണ മഞ്ഞളിന്റെ വിളവെടുപ്പ് നടക്കുന്നത്. മഞ്ഞൾ കൃഷി അപ്പാടെ പടിയിറങ്ങിയിട്ടും സ്‌പൈസസ് ബോർഡിന്റെ ഭാഗത്തു നിന്ന് കൃഷി പരിപോഷിപ്പിക്കാൻ കൃത്യമായ പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്.

വിത്തിന് ഇരട്ടി വില

''ഒരു കിലോ പച്ച മഞ്ഞളിന് 20 രൂപയും ഉണക്ക മഞ്ഞളിന് 120 രൂപയും മാത്രമാണ് ഇപ്പോഴത്തെ വിപണി വില. ഒരു കിലോ മഞ്ഞൾ വിത്ത് വാങ്ങാൻ കർഷകർ 50 രൂപ നൽകണം. ഒരു വിധത്തിലും കൃഷി ലാഭകരമല്ലാതെ വന്നതോടെ കൃഷി അവസാനിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുകയാണ്

- രാമൻ (കർഷകൻ)

പ്രതിസന്ധിക്ക് കാരണം
വിലയിടിവ്

നല്ല വിത്തുകളുടെ അപര്യാപ്ത

വിത്തിന്റെ വിലവർദ്ധന

മറ്റ് കൃഷികളേക്കാൾ അദ്ധ്വാനഭാരം