arakkulam
അറക്കുളത്ത് പഴത്തോട്ട നിർമ്മാണ ജോലികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ നിർവഹിക്കുന്നു

അറക്കുളം: തൊഴിലുറപ്പിന്റെ പിൻബലത്തിൽ അറക്കുളം പഞ്ചായത്ത് പന്ത്രണ്ടാം മൈലിലെ പുഴയോര പാഴ്നിലം ഇനി മധുരക്കനികളുടെ പഴഭൂമിയാകും.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ (എം.വി.ഐ.പി) കൈവശം പുഴയോരത്ത് തരിശുകിടക്കുന്ന നാല് ഏക്കർ സ്ഥലത്താണ് വിവിധയിനം ഫലവൃക്ഷത്തൈകൾ നട്ടുവളർത്താൻ ഒരുങ്ങുന്നത്. മുൻ പഞ്ചായത്ത് അംഗം പി.എ വേലുക്കുട്ടൻ, തൊഴിലുറപ്പ് പദ്ധതി മേറ്റ് ലിസി ജോസ് എന്നിവരുടെ വ്യത്യസ്തമായ ആശയമാണ് പുഴയോരത്ത് വിശാലമായ ഫലവർഗ തോട്ടമായി രൂപപ്പെടുന്നത്. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 68,000 രൂപ അനുവദിച്ചതോടെ ജോലികളും തുടങ്ങി. നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ കാടുവെട്ടിത്തെളിച്ച് തൈ നടാൻ മണ്ണ് പാകപ്പെടുത്തുന്ന ജോലികൾക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. മണ്ണൊരുങ്ങിയാൽ ഉടൻ പേര, നെല്ലി, പ്ലാവ്, നാടൻമാവ്, ചാമ്പ, ശീമനെല്ലി, അത്തി, ആത്ത, പപ്പായ, പുളി, പാഷൻഫ്രൂട്ട് എന്നിവയുടെ 400 തൈകൾ നടും. ഇതോടൊപ്പം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് എം.വി.ഐ.പിയിൽ നിന്ന് ഏറ്റെടുത്തിട്ടുള്ള പുഴയോരം മുഴുവൻ തണൽ മരങ്ങൾ വച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്. ഇടുക്കിയുടെ പ്രവേശന കവാടമായ അറക്കുളത്ത് വിനോദ സഞ്ചാരികൾക്കുവേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുകയെന്നതാണ് ലക്ഷ്യം. പഴത്തോട്ട നിർമ്മാണ ജോലികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ നിർവഹിച്ചു. തൊഴിലുറപ്പ് ഓവർസീർ ജയകൃഷ്ണൻ പദ്ധതി വിവരിച്ചു.