jj
ജോജോ ലൂക്കോസ്

അടിമാലി: കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാളിയും നിരവധി കേസുകളിൽ പ്രതിയുമായ ജോജോ അറസ്റ്റിൽ. വാഹനമോഷണം ഉൾപ്പെടെ പത്തോളം കേസിൽ പ്രതിയായിട്ടും ഇതുവരെയും പിടിക്കപ്പെടാതെ ഒളിവിലായിരുന്ന ഇടുക്കി, ഉടുമ്പൻചോല കല്ലുപാലം അയലാറ്റിൽ ജോജോ ലൂക്കോസാണ് (35) അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ജോജോ മോഷണം നടത്തിയ ശേഷം വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. വെള്ളത്തൂവൽ സ്റ്റേഷനിൽ ഈ വർഷം ആദ്യം രജിസ്റ്റർ ചെയ്ത രണ്ടു വാഹനമോഷണ കേസുകളിൽ പാലക്കയം സണ്ണിയും മറ്റു മൂന്നു പേരും നേരത്തെ പിടിയിലായി. ഈ സമയം ജോജോ ബോംബെയിലും വിദേശത്തുമായി ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ എസ്.ഐ എസ്. ശിവലാലിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഇയാളുടെ പേരിൽ വാഴക്കുളം, കാളിയാർ, കരിങ്കുന്നം എന്നീ സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകളുണ്ട്. പീരുമേട്, മുട്ടം സ്റ്റേഷനുകളിൽ വ്യാജ ടാക്സ് രസീത് നല്കി പാലക്കയം സണ്ണിക്കും കൂട്ടാളികൾക്കും ജാമ്യം നിന്നതിന് കേസുണ്ട്. മലപ്പുറത്ത് മോഷണ കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ അറസ്റ്റു ചെയ്ത സമയം ബ്ലാങ്ക് ടാക്സ് രസീതുകൾ പേഴ്സിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ടാക്സ് രസീതുകൾ 2016ൽ നെടുമ്പാശ്ശേരി വില്ലേജ് ഓഫീസിൽ നിന്ന് മോഷണം പോയവയാണെന്ന് തെളിഞ്ഞു. ഇതിന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. എ.എസ്.ഐമാരായ സജിമോൻ ജോസഫ്, തങ്കച്ചൻ മാളിയേക്കൽ, ടോമി, എസ്.സി.പി.ഒ എം.ആർ. സതീഷ്, ബേസിൽ പി. ഐസക്, സി.പി.ഒ സലിൽ രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.