ചെറുതോണി: നിർമാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പ്രത്യേക നിയമ നിർമാണം അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കേരള ഗവ. കോൺട്രാക്ടഴേ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച ഇടുക്കിയിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും പുനർ നിർമാണത്തിന് മൂവായിരം കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. നിർമാണത്തിനാവശ്യമായ മെറ്റൽ മണൽ തുടങ്ങിയ ഉത്പന്നങ്ങൾ ഇടുക്കിയിൽ ആവശ്യത്തിന് ലഭിക്കുന്നില്ല. ചെറുതും വലുതുമായി 260 ക്രഷറുകൾ പ്രർത്തിച്ചിരുന്നത് ഇപ്പോൾ 26 ആയി ചുരുങ്ങിയിരിക്കുകയാണ്. അതിനാൽ മെറ്റൽ മണൽ എന്നിവ മറ്റ് ജില്ലകളിൽ നിന്നാണ് കൊണ്ടുവരുന്നത്. ലോറി വാടകയിനത്തിൽ അധികം പണം ചെലവാകുന്നതും ലഭ്യതക്കുറവും നിർമാണ മേഖലയെ തളർത്തിയിരിക്കുകയാണ്. തൊഴിൽ മേഖലയിലെ അനാവശ്യ മത്സരം ഒഴിവാക്കണമെന്ന് നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് താത്കാലികമായെങ്കിലും ക്വാറികൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഹരിത ട്രിബ്യുണലിന് പ്രത്യേക പരാതി നൽകണമെന്നും ആവശ്യമെങ്കിൽ കേസ് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.സി. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. സി.വി വർഗീസ്, നോബിൾ ജോസഫ്, കെ.സി സെബാസ്റ്റ്യൻ, ജോമോൻ മാത്യു, കെ.ജെ. വർഗീസ്, ഷൈൻ ടി. ജോസഫ്, സജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.