കുടയത്തൂർ: സ്കൂബ പരിശീലനവും ഡിങ്കി ബോട്ടുമായി ഫയർഫോഴ്സ് കുടയത്തൂരിൽ എത്തി. ജില്ലയിലെ മുപ്പതോളം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മലങ്കര ഡാമിലെ ഏറ്റവും ആഴം കൂടിയ കുടയത്തൂർ ജലാശയത്തിൽ എത്തിയത്. അപകടത്തിൽപ്പെട്ട ആളെ ആഴങ്ങളിൽ മുങ്ങി തപ്പുന്ന സ്കൂബാ പരിശീലനവും സേനയ്ക്ക് പുതിയതായി അനുവദിച്ച യമഹ എൻജിൻ ഘടിപ്പിച്ച അത്യാധുനിക ഡിങ്കി ബോട്ടും കാണാൻ നിരവധി ആളുകളാണ് കുടയത്തൂർ ജലാശയത്തിന്റെ ഇരു കരകളിലുമായി എത്തിയത്. ജില്ലയിലെ തന്നെ മികച്ച സ്കൂബാ വിദഗ്ദ്ധനും തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസറുമായ അബ്ദുൾ നാസർ പരിശീലനത്തിത് നേതൃത്വം നൽകി. തൊടുപുഴ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം നടത്തുന്നത്. പ്രളയ സമയത്ത് സ്കൂബാ ടീമിന്റെ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടവേളയിലാണ് കൂടുതൽ ആളുകളെ സജ്ജരാക്കാൻ ഇത്തരത്തിൽ പരിശീലനം സംഘടിപ്പിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാനിലയ തലവൻ ടി.പി. കരുണാകരപിള്ള അറിയിച്ചു.